10:48am 29 April 2026
NEWS
വാൽമീകി കോർപറേഷനിലെ ഫണ്ട് തിരിമറി: ബെല്ലാരി എം പിയും എംഎൽഎമാരും കുരുക്കിൽ
11/06/2025  03:48 PM IST
വിഷ്ണുമംഗലം കുമാർ
വാൽമീകി കോർപറേഷനിലെ ഫണ്ട് തിരിമറി: ബെല്ലാരി എം പിയും എംഎൽഎമാരും കുരുക്കിൽ

 മുഡ അഴിമതി, ക്രിക്കറ്റ് ദുരന്തം എന്നിവയ്ക്ക് പിന്നാലെ വീണ്ടും ഉയർന്നുവന്ന വാൽമീകി കോർപറേഷനിലെ ഫണ്ട് തിരിമറിക്കേസും കർണാടകത്തിലെ സിദ്ധരാമയ്യ ഗവണ്മെന്റിനെയും കോൺഗ്രസ്സ് പാർട്ടിയെയും പിടിച്ചുലയ്ക്കുകയാണ്. ബെല്ലാരി എം പി, ഇ. തുക്കാറാമിന്റെയും മണ്ഡലപരിധിയിലുള്ള നാരാ ഭാരത് റെഡ്‌ഡി, ജെ. എൻ. ഗണേഷ്, എൻ.ടി. ശ്രീനിവാസ് എന്നീ എംഎൽഎമാരുടെയും വീടുകളിലും ഓഫീസുകളിലും ഇന്ന് പുലർച്ചെ മുതൽ ഇ ഡി സംഘം റെയ്ഡ് ആരംഭിച്ചതോടെയാണ് വാൽമീകി കോർപറേഷനിലെ ഫണ്ട് തിരിമറി വീണ്ടും ചർച്ചയാകുന്നത്. എസ് ടി വിഭാഗത്തിന്റെ ക്ഷേമത്തിനായി 2006 ലാണ് സംസ്ഥാന ഗവണ്മെന്റ് മഹർഷി വാൽമീകി എസ് ടി ഡവലപ്പ്മെന്റ് കോർപറേഷൻ രൂപീകരിച്ചത്. കഴിഞ്ഞവർഷം ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 189 കോടി രൂപ പതിനഞ്ചോളം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിയെടുത്തു എന്നാണ് കേസ്. കോർപറേഷനിൽ അക്കൗണ്ട്സ് സൂപ്രണ്ട് ആയിരുന്ന ചന്ദ്രശേഖരന്റെ ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് ഈ തട്ടിപ്പിന്റെ വിവരം ആദ്യമായി പുറത്തുവന്നത്. എസ് ഐ ടി രൂപീകരിച്ച് കേസ് തേച്ചുമായ്ച്ചുകളയാൻ സംസ്ഥാന ഗവണ്മെന്റ് ശ്രമിച്ചെങ്കിലും സിബിഐ, ഇ ഡി അന്വേഷണങ്ങൾ പിറകെ വന്നു. തട്ടിയെടുത്ത പണത്തിന്റെ ഒരു പങ്ക് ബെല്ലാരിയിലെയും തെലങ്കാനയിലെ ചില മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ചെലവുകൾക്ക് ഉപയോഗിച്ചെന്നും ബാക്കി തുക ചില നേതാക്കൾ വീതിച്ചെടുത്തെന്നും ഇ ഡി കണ്ടെത്തി. ബെല്ലാരിയിൽ മാത്രം 21 കോടി ചെലവഴിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ബെല്ലാരി റൂറലിൽ നിന്നുള്ള എംഎൽഎ യും യുവജന ക്ഷേമ മന്ത്രിയുമായ ബി നാഗേന്ദ്രയും മറ്റു ആറുപേരും അറസ്റ്റുചെയ്യപ്പെട്ടു. ജയിലിലായ നാഗേന്ദ്രയ്ക്ക് മന്ത്രിസ്ഥാനം പോയി. പിന്നീട് അദ്ദേഹം ജാമ്യത്തിലിറങ്ങി. ഇ ഡി അന്വേഷണം തുടരുന്നുണ്ടായിരുന്നു. തട്ടിയെടുത്ത പണം ഓരോ നിയമസഭാമണ്ഡലത്തിലും ഓരോ ബൂത്തുകളിലും വിതരണം ചെയ്തതിന്റെ കണക്കുകളും വ്യക്തിപരമായി ഓരോ നേതാക്കളും വീതിച്ചെടുത്തതിന്റെ തെളിവുകളുമായാണ് ബെല്ലാരിയിലെ അഞ്ചിടങ്ങളിലും ബംഗളുരുവിലെ മൂന്നിടങ്ങളിലും അറുപത് പേരോളം വരുന്ന ഇ ഡി സംഘം റെയ്ഡ് നടത്തിയത്. പുതിയ ഡിജിറ്റൽ തെളിവുകൾ പലതും ഇവിടങ്ങളിൽ നിന്ന് കണ്ടെടുത്തതായാണ് റിപ്പോർട്ട്. തുക്കാറാം അറസ്റ്റിലായേക്കുമെന്ന സൂചനകൾ വരുന്നുണ്ട്. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടേയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img