09:53am 18 March 2025
NEWS
'വാൽമീകി'വിവാദം: പണം തിരിച്ചുപിടിയ്ക്കും, കുറ്റക്കാരെ ശിക്ഷിക്കും- മുഖ്യമന്ത്രി സിദ്ധരാമയ്യ
20/07/2024  11:33 AM IST
വിഷ്ണുമംഗലം കുമാർ
'വാൽമീകി'വിവാദം: പണം തിരിച്ചുപിടിയ്ക്കും, കുറ്റക്കാരെ ശിക്ഷിക്കും- മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകം :  മഹർഷി വാൽമീകി പട്ടികവർഗ്ഗ വികസന കോർപറേഷനിൽ നടന്നത് ഉദ്യോഗസ്ഥതലത്തിലുള്ള തട്ടിപ്പാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൂന്നുദിവസമായി തുടരുന്ന ചർച്ചയ്ക്ക് നിയമസഭയിൽ മറുപടി   പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ച് പ്രസംഗം   അലങ്കോലപ്പെടുത്തി. പിന്നീട് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. "നാല് ഐ പി എസ്സുകാർ അടങ്ങുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്. പന്ത്രണ്ട് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരും ബാങ്ക് ഓഫീസർമാരും കൂട്ടുചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഹൈദരാബാദിലെ ഒരു സഹകരണ ബാങ്കിലെ 18 അക്കൗണ്ടുകളിലേക്കാണ് ആദ്യം പണം മാറ്റിയത്. അവിടെ നിന്ന് 199 അക്കൗണ്ടുകളിലേക്ക് പണം വിഭജിച്ച് തിരിച്ചുവിട്ടു. അതെല്ലാം വ്യാജ അക്കൗണ്ടുകളാണ്" സിദ്ധരാമയ്യ വിശദീകരിച്ചു."പന്ത്രണ്ടു കോടി തിരിച്ചുപിടിച്ചുകഴിഞ്ഞു. ബാക്കി പണം കണ്ടെത്താനായി ഊർജ്ജിതശ്രമം നടക്കുന്നു. ബിജെപിയുടെ ഭരണകാലത്ത് ഇതുപോലുള്ള നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ട്. ഒരു രൂപ പോലും തിരിച്ചുപിടിക്കാതെ അവരതെല്ലാം            ഒതുക്കിത്തീർക്കുകയായിരുന്നു." മുഖ്യമന്ത്രി വെളിപ്പെടുത്തി.  " "എസ്ഐടി അറസ്റ്റുചെയ്ത പട്ടികവർഗ്ഗ കോർപറേഷൻ എം ഡി പത്മനാഭ ബിജെപി ഭരിക്കുമ്പോഴും അഴിമതി നടത്തിയിട്ടുണ്ട്. അന്ന് അയാൾ മറ്റൊരു കോർപറേഷന്റെ മേധാവിയായിരുന്നു. ബിജെപി ഗവണ്മെന്റ് അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അതാണ് തുടർന്നും വലിയ തിരിമറി നടത്താൻ അയാൾക്ക് പ്രേരണയായത്" സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഇഡിയും സിബി ഐ യും അന്വേഷണം നടത്തുന്നത് കോൺഗ്രസ്സ് ഗവണ്മെന്റിനെ                        താറടിക്കാനാണെന്നും പിന്നോക്ക വിഭാഗത്തിൽ പെട്ട തന്റെ പ്രതിഛായ തകർക്കാൻ ബിജെപി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇഡി അറസ്റ്റുചെയ്ത മുൻമന്ത്രി നാഗേന്ദ്രയ്ക്കോ മറ്റു നേതാക്കൾക്കോ ഈ തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാൽ വാൽമീകി കോർപറേഷനിലെ സാമ്പത്തിക തട്ടിപ്പ് വൻവിവാദമാക്കി സംസ്ഥാനമൊട്ടുക്ക് പ്രക്ഷോഭം സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img