
പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ന്യുമോണിയ ബാധയെതുടർന്ന് ചികിത്സയിലിരിക്കെ 65മത്തെ വയസിലാണ് അന്ത്യം. 'ബാറ്റ്മാൻ ഫോറെവർ' എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ൻ എന്ന കഥാപാത്രത്തിലൂടെയും 'ദി ഡോർസ്' എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തിലൂടെയും ശ്രദ്ധേയനായ താരമാണ് വാൽ കിൽമർ. 'സോറോ'യിലെ സംഭാഷണത്തിനു ഗ്രാമി പുരസ്കാരത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
ലൊസാഞ്ചലസിലാണ് കിൽമർ ജനിച്ചതെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം ചാറ്റ്‌സ്‌വർത്തിലാണ്. ഹോളിവുഡ് പ്രഫഷനൽ സ്‌കൂളിലും ജൂലിയാർഡ് സ്‌കൂളിലുമായി പഠനം പൂർത്തിയാക്കിയ കിൽമർ, 1984ൽ 'ടോപ്പ് സീക്രട്ട്' എന്ന സ്പൂഫ് ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്.
1991ൽ പുറത്തിറങ്ങിയ 'ദി ഡോർസ്' എന്ന സിനിമയിൽ അവതരിപ്പിച്ച ‘മോറിസൺ’ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവതത്തിലെ ഏറ്റവും അവിസ്മരണീയമായ വേഷങ്ങളിലൊന്നാണ്. 'ടോപ്പ് ഗൺ', 'റിയൽ ജീനിയസ്', 'വില്ലോ', 'ഹീറ്റ്', 'ദ് സെയിന്റ്' എന്നിവയാണ് കിൽമറിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലത്. 'ദ് പ്രിൻസ് ഓഫ് ഈജിപ്ത്' ഉൾപ്പെടെ നിരവധി ആനിമേറ്റഡ് സിനിമകൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.
2014ൽ കിൽമറിന് തൊണ്ടയിൽ കാൻസർ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നു ശബ്ദം നഷ്ടപ്പെട്ടെങ്കിലും 2021ൽ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗൺ: മാവെറിക്ക്’ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. അതേ വർഷം തന്നെ കിൽമറിന്റെ ജീവിതത്തെ ആസ്പദമാക്കി ‘വാൽ’ എന്ന പേരിൽ ഡോക്യുമെന്ററി പുറത്തിറങ്ങി.











