11:17am 13 November 2026
NEWS
മത്സരിക്കാനുള്ള അവകാശം വെറും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിഷേധിക്കരുതെന്ന് ഹൈക്കോടതി
17/11/2025  06:17 PM IST
nila
മത്സരിക്കാനുള്ള അവകാശം വെറും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിഷേധിക്കരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന് ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചു. മത്സരിക്കാനുള്ള അവകാശം വെറും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിഷേധിക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു. പ്രാഥമികവും അന്തിമവുമായ വോട്ടർപട്ടികകളിൽ പേര് ഉണ്ടായിരുന്നിട്ടും, വിലാസം ശരിയല്ലെന്ന് പറഞ്ഞുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയെ അടിസ്ഥാനമാക്കി തെളിവൊന്നുമില്ലാതെ പേരു നീക്കിയതിനെ കോടതി ചോദ്യം ചെയ്തു. ഹിയറിങിൽ പരാതിക്കാരൻ പോലും ഹാജരായിരുന്നില്ലെന്നും വൈഷ്ണയുടെ വിലാസം തെളിയിക്കുന്ന എല്ലാ രേഖകളും ലഭ്യമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഇതോടെ നവംബർ 19നകം വീണ്ടും ഹിയറിങ് നടത്തി തീർപ്പ് നൽകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ, പരാതി നൽകിയ വ്യക്തിയും ഹിയറിങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 24 വയസ്സുള്ള ഒരു യുവതി മത്സരിക്കാനിറങ്ങുമ്പോൾ ഇത്തരത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ടോ എന്ന ചോദ്യം ഉയർത്തിയ കോടതി, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവനന്തപുരം കോർപറേഷനോടും ചോദിച്ചു. പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി നവംബർ 21 ആണെന്നും വൈഷ്ണ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.  കലക്ടറേറ്റ് ഓഫീസിൽ പരാതി നൽകാൻ പോകുമ്പോൾ ഒന്നര മണിക്കൂർ കാത്തിരിപ്പിച്ചതായും വൈഷ്ണ കോടതിയിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img