10:25pm 17 April 2026
NEWS
വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ബിജെപിക്ക് വിനയാകുന്നു
06/04/2026  09:32 AM IST
nila
വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ബിജെപിക്ക് വിനയാകുന്നു

തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ബിജെപിക്ക് വിനയാകുന്നു. സംഭവത്തിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ തുടർനടപടികൾ സ്വീകരിക്കാൻ അനുമതി തേടി പൊലീസ് ചാവക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി ഇന്ന് വിഷയത്തിൽ വാദം കേൾക്കും. ഇതിനിടെ, കേസിൽ പിടിയിലായ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. 

വിഷുവിനോടനുബന്ധിച്ച് ഒരു സന്നദ്ധ സംഘടനയ്ക്ക് നൽകാനായി കിറ്റുകൾ ഓർഡർ ചെയ്തത് എന്നാണ് സതീഷ് പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് ബിജെപി തയ്യാറാക്കിയ കിറ്റാണ് ഇവയെന്ന് എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നു. വാടാനപ്പള്ളിക്കുപുറമെ മണലൂർ മണ്ഡലത്തിലും സമാന ആരോപണങ്ങൾ ഉയർന്നത് ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. 

വാടാനപ്പള്ളിയിലെ ഹോൾസെയിൽ കേന്ദ്രത്തിൽ കിറ്റുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവും നടനുമായ ദേവൻ എത്തിയെന്നാരോപിച്ചാണ് ഇന്നലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് ബിജെപി പ്രവർത്തകരും സ്ഥലത്ത് എത്തിയതോടെ മണിക്കൂറുകളോളം സംഘർഷാവസ്ഥ ഉണ്ടായി.

സംഭവത്തിൽ സ്ഥാപന ഉടമ പ്രവീണിനെയും സതീഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കിറ്റുകൾ വിഷുവിനായി തയ്യാറാക്കിയതാണെന്നതാണ് ഇവരുടെ വിശദീകരണം. അതേസമയം, ഈ വിവാദം രാഷ്ട്രീയ നേട്ടത്തിനായി സൃഷ്ടിച്ചതാണെന്ന് ബിജെപി വാദിക്കുന്നു.

ഒളരിയിൽ നിന്നുമുള്ള കിറ്റ് പിടിച്ചെടുക്കലിനെ തുടർന്ന് മുമ്പ് തന്നെ പൊലീസ് കേസ് എടുത്തിരുന്നു. തുടർന്ന് മണലൂരിലും സമാന ആരോപണങ്ങൾ ഉയർന്നത് രാഷ്ട്രീയ സംഘർഷം ശക്തമാക്കി. കിറ്റുകൾ വിതരണം ചെയ്യാനായി ഓർഡർ ചെയ്തതിൽ ടി എൻ പ്രതാപൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ, ആരോപണങ്ങൾ നിഷേധിച്ച് ദേവൻ രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ നാടകമാണെന്നും, തിരഞ്ഞെടുപ്പ് മുന്നോടിയായി വിവാദം സൃഷ്ടിക്കാൻ ശ്രമമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img