
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിന്റെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ച് പൊലീസ്. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായുള്ള പ്രതികളുടെ ബന്ധം കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട അന്വേഷണം. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി കൂടുതൽ പേർ പിടിയിലാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. റിമാൻഡിൽ കഴിയുന്ന പ്രതി കീർത്തനയുടെ മൊബൈൽ ഫോണിൽനിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫോണിൽനിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചാറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ മുഴുവൻ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പൊലീസ് നീക്കം ആരംഭിച്ചു.
കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 15 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇടപാടുകളുടെ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ്, എക്സൈസ് വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസുകളിലെ പ്രതികളുമായും ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചിലർ മൊബൈൽ ഫോണുകൾ ഓഫാക്കി ഒളിവിൽ കഴിയുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അതേസമയം, കേസിൽ തനിക്ക് പങ്കില്ലെന്നും തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും കീർത്തന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചതെന്നാണ് വിവരം. കുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.
കീർത്തനയെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലും കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ തമ്മിൽ ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടുകൾ നടന്നതായും കസ്റ്റഡി അപേക്ഷയിൽ പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കേസിൽ കീർത്തന ഉൾപ്പെടെ മൂന്ന് അധ്യാപികമാരും ജിജിൽ, സഫ്‌വാൻ എന്നീ യുവാക്കളുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ പ്രതികളിലേക്ക് അന്വേഷണം നീളുമെന്നാണ് പൊലീസ് നൽകുന്ന സൂചന.











