
കൊച്ചി: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ സ്പെഷ്യൽ എജ്യുക്കേറ്റർ കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കീർത്തനയ്ക്ക് മുൻപ് ക്രിമിനൽ കേസുകളൊന്നുമില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ല. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
അധ്യാപകരെ ഇടനിലക്കാരാക്കി ലഹരി വ്യാപാരം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടികൂടിയതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് അധ്യാപികമാരിലേക്കും എത്തിയത്.
പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററും മരുതോങ്കര സ്വദേശിയുമായ കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിലെ ഓട്ടിസം സെന്ററിൽ അധ്യാപികയായ കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശി ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്.










