07:39am 23 September 2026
NEWS
എംഡിഎംഎ വാങ്ങാൻ അധ്യാപികമാർക്ക് പണമയച്ചത് നൂറുകണക്കിന് ആളുകൾ; യുവതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും
30/07/2026  09:23 AM IST
nila
എംഡിഎംഎ വാങ്ങാൻ അധ്യാപികമാർക്ക് പണമയച്ചത് നൂറുകണക്കിന് ആളുകൾ; യുവതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ വയനാട് സ്വദേശിയായ ഒരാളിലേക്ക് എത്തിയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇയാളാണ് എംഡിഎംഎയുടെ മുഖ്യ മൊത്തവിതരണക്കാരനെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

കേരളം വിട്ടതായി കരുതുന്ന പ്രതിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസ് ലഹരിവിൽപ്പനയിൽ നിന്ന് ലഭിച്ച പണമെല്ലാം ഇയാൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കും ക്യൂആർ കോഡുകളിലേക്കുമാണ് കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി. വാടക അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണമിടപാടുകൾ നടത്തിയതെന്നാണ് സംശയം. നേരിട്ടും ഇയാളുടെ അക്കൗണ്ടിലേക്ക് തുക അയച്ചതായും ഒരു കോടിയിലധികം രൂപ ഇത്തരത്തിൽ കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അറസ്റ്റിലായ അധ്യാപികമാരായ കാവ്യയും കീർത്തനയും എംഡിഎംഎ ഇടപാടിലൂടെ ലഭിച്ച പണം പ്രധാനമായും ജിജിൽ കുര്യാക്കോസിന് കൈമാറിയതായും, മുഖ്യവിതരണക്കാരനെന്ന് സംശയിക്കുന്ന വയനാട് സ്വദേശിയുമായും സാമ്പത്തിക ബന്ധമുണ്ടായിരുന്നുവെന്നതിനും തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.

ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ലഹരിമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടതാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കേസിൽ അറസ്റ്റിലായ സഫ്വാൻ കീർത്തനയുടെ അക്കൗണ്ടിലേക്ക് 5,000 രൂപ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.

മുഖ്യവിതരണക്കാരന്റെ നേതൃത്വത്തിൽ ജിജിലിനെയും അധ്യാപികമാരെയും പോലെ നിരവധി ഇടനിലക്കാർ പ്രവർത്തിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടാനായാൽ കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുമെന്നാണ് വിലയിരുത്തൽ. ലഹരി ഉപയോഗിക്കുന്നവരെ തന്നെ ഇടനിലക്കാരാക്കി അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം സ്വീകരിക്കുന്ന രീതിയാണ് എംഡിഎംഎ മാഫിയ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നതെന്നും പൊലീസ് പറയുന്നു.

100-ലേറെ പേരിൽ നിന്ന് പണമിടപാട്

അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു അക്കൗണ്ടിലേക്കു മാത്രം നൂറിലധികം പേർ തുക അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 2,000 രൂപയാണ് കൂടുതലായി അയച്ചിരിക്കുന്നത്. 1,000 രൂപ വീതം അയച്ചവരും നിരവധിയുണ്ട്.

അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടും

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിആർസി അധ്യാപികമാർ ഉൾപ്പെടെയുള്ളവർ ലഹരിവ്യാപാരത്തിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയാൽ എൻഡിപിഎസ് നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടുമെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് അറിയിച്ചു.

അറസ്റ്റിലായവരുടെ ശമ്പളവരുമാനത്തിന് പുറത്തുള്ള സാമ്പത്തിക ഇടപാടുകൾ, സ്വത്ത് സമ്പാദ്യം, ജീവിതശൈലി എന്നിവയും വിശദമായി പരിശോധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കകം അഞ്ച് പ്രതികളെ പിടികൂടാൻ കഴിഞ്ഞതായും, ഇവരിൽ നാലുപേരുടെ അക്കൗണ്ടുകളിൽ കഴിഞ്ഞ ആറുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായും ഡി.ഐ.ജി പറഞ്ഞു.

വിദ്യാർഥികൾക്കും ലഹരി എത്തിച്ചോ? അന്വേഷണം വ്യാപിപ്പിക്കും

ചെറിയ തുക മുതൽ വലിയ തുകവരെ അക്കൗണ്ടുകളിൽ എത്തിയ സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിമരുന്ന് വിതരണം നടന്നിട്ടുണ്ടോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്. അക്കൗണ്ടുകളിലേക്ക് എത്തിയ പണം പിന്നീട് എവിടേക്കാണ് പോയതെന്നതും അന്വേഷണത്തിന്റെ പ്രധാന ഭാഗമാണ്.

പിടിയിലാകാതിരിക്കാൻ വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ചതായും, എടിഎം കാർഡുകളുടെ യഥാർഥ ഉടമകൾ അല്ലാത്തവർ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന തെളിവുകളും ലഭിച്ചതായി ഡി.ഐ.ജി അറിയിച്ചു. കേരളത്തിന് പുറത്തുനിന്ന് പണം പിൻവലിച്ചതായി കണ്ടെത്തിയാൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img