
കോഴിക്കോട്: വടകരയിൽ എംഡിഎംഎ കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിച്ച പൊലീസ് മറ്റൊരു അധ്യാപികയെയും അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷലിസ്റ്റ് അധ്യാപികയായ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30)യാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി.
നേരത്തെ പിടിയിലായ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ കീർത്തനയുടെയും ചെരുവാളൂർ ഓട്ടിസം സെന്ററിലെ അധ്യാപിക കെ. കാവ്യയുടെയും മൊഴികളും ബാങ്ക് അക്കൗണ്ട് പരിശോധനയും അടിസ്ഥാനമാക്കിയാണ് നീഷ്മയിലേക്ക് അന്വേഷണം എത്തിയത്. ലഹരി വിൽപനയിലൂടെ ലഭിച്ച പണം നീഷ്മയുടെ അക്കൗണ്ടിലേക്കും എത്തിയതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാം വഴിയാണ് സംഘം ലഹരി വാങ്ങുന്നവരുമായി ബന്ധപ്പെടുകയും ഓൺലൈൻ പണമിടപാടുകൾ നടത്തിയിരുന്നതുമെന്നാണ് പൊലീസ് പറയുന്നത്. ബാങ്ക് അക്കൗണ്ടുകളിൽ അസാധാരണമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ ഏകദേശം 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ 9 ലക്ഷം രൂപയും എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
ജൂൺ 28-ന് എംഡിഎംഎയുമായി പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദ്യം കീർത്തനയും പിന്നീട് കാവ്യയും അറസ്റ്റിലായത്. ഇവരുടെ മൊഴികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ച ശേഷമാണ് നീഷ്മയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തത്.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അധ്യാപികമാർക്ക് പ്രതിമാസം ഏകദേശം 12,000 രൂപ മാത്രമാണ് ശമ്പളമുണ്ടായിരുന്നതെങ്കിലും വരുമാനത്തിന് അനുസൃതമല്ലാത്ത ആഡംബര ജീവിതശൈലിയാണ് നയിച്ചിരുന്നതെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരുവിലെ ചില ബന്ധങ്ങളിലൂടെയാണ് ലഹരി ശൃംഖലയുമായി ഇവർക്ക് ബന്ധം സ്ഥാപിക്കപ്പെട്ടതെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്. സമീപകാല ബെംഗളൂരു യാത്രകളും പുതിയ വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ പരിധിയിലുണ്ട്.
വടകര, കുറ്റ്യാടി, നാദാപുരം മേഖലകളിലെ ചില യുവാക്കളും വിദ്യാർഥികളും ഇവരുടെ ഇടപാടുകാരായിരിക്കാമെന്ന സംശയവും പൊലീസിനുണ്ട്. ലഹരി വിൽപനയിൽ അധ്യാപികമാരെ ഉപയോഗിച്ച വലിയ ശൃംഖലയാണ് ഇതിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അറസ്റ്റിലായ കീർത്തനയും കാവ്യയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിലും കീർത്തന സജീവമായിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തുവന്നിരുന്നു.
കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. വടകര, എടച്ചേരി, പയ്യോളി പൊലീസ് സ്റ്റേഷനുകൾ, സൈബർ സെൽ, ജില്ലാ നർകോട്ടിക് സെൽ എന്നിവയിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. യുപിഐ ഇടപാടുകൾ, ബാങ്ക് രേഖകൾ, പ്രതികളുടെ സാമ്പത്തിക ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.











