
വടകര: ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികളായ മരുതോങ്കര സ്വദേശിനി കീർത്തനയെയും കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയും കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിൽ ലഭിച്ചാൽ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ലഹരി ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് നീക്കം.
കേസിൽ മറ്റ് അധ്യാപകർക്ക് പങ്കുണ്ടോയെന്നും ഇവരുമായി ബന്ധപ്പെട്ട ലഹരി വിതരണ ശൃംഖലയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുമായി അന്വേഷണം വിവിധ ദിശകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും ഫോൺ രേഖകൾ ഉൾപ്പെടെ ലഭ്യമായ തെളിവുകൾ വിശദമായി പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.
അതേസമയം, കേസിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പും നടപടികൾ കടുപ്പിച്ചു. അറസ്റ്റിലായ താത്കാലിക അധ്യാപിക കാവ്യയെ സർവീസിൽ നിന്ന് പുറത്താക്കുന്ന ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീർത്തനയെ ഇന്നലെ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.











