12:25pm 10 October 2026
NEWS
വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളിലെ ഒഴിവുകൾ: 15 സംസ്ഥാനങ്ങൾക്കും ജമ്മു കശ്മീരിനും സുപ്രീം കോടതി നോട്ടീസ്
10/10/2026  08:38 AM IST
നിയമകാര്യ ലേഖകൻ
വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളിലെ ഒഴിവുകൾ: 15 സംസ്ഥാനങ്ങൾക്കും ജമ്മു കശ്മീരിനും സുപ്രീം കോടതി നോട്ടീസ്

​ന്യൂഡൽഹി: പതിനഞ്ച് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളിൽ നിലനിൽക്കുന്ന  ഒഴിവുകൾ നികത്തുന്നതിനും, നിയമപരമായി യോഗ്യതയുള്ള അംഗങ്ങളുടെ നിയമനം ഉറപ്പാക്കുന്നതിനുമുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.

​ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് 'എനർജി വാച്ച്ഡോഗ്' എന്ന എൻ.ജി.ഒ സമർപ്പിച്ച ഹർജിയിൽ മറുപടി തേടിയത്.

​കമ്മീഷനുകളുടെ ഘടനയിലുള്ള ഒഴിവുകളും അപര്യാപ്തതകളും അവയുടെ റെഗുലേറ്ററി, അഡ്ജുഡിക്കേറ്ററി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും, ഇത് വൈദ്യുതി ഉപഭോക്താക്കൾക്ക് നിയമപരമായ പരിഹാരങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

 ഭരണഘടനയുടെ 14, 21ആർട്ടിക്കിളുകളുടെയും, 2003-ലെ വൈദ്യുതി നിയമത്തിന്റെയും, 'ഗുജറാത്ത് സർക്കാറും യൂട്ടിലിറ്റി യൂസേഴ്സ് വെൽഫെയർ അസോസിയേഷനും' തമ്മിലുള്ള കേസിൽ 2008-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെയും നഗ്നമായ ലംഘനമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

​സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളിൽ നിയമപരമായി യോഗ്യതയുള്ള ഒരു അംഗം ഉണ്ടായിരിക്കണമെന്നും തീർപ്പുകൽപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ ബെഞ്ചുകളിലും അങ്ങനെയൊരാൾ ഉൾപ്പെട്ടിരിക്കണമെന്നും ആ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

​തമിഴ്നാട്ടിലെ അവസ്ഥ എടുത്തുകാട്ടിക്കൊണ്ട്, ചെയർപേഴ്സൺ, അംഗം (നിയമം), അംഗം (സാങ്കേതികവികം) എന്നീ മൂന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും, ഇത് കമ്മീഷന്റെ പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.

 ആന്ധ്രാപ്രദേശിൽ നിയമപരമായ പശ്ചാത്തലമില്ലാത്ത, ധനകാര്യ വിഭാഗത്തിൽ നിന്നുള്ള ഒരു അംഗം മാത്രമാണ് കമ്മീഷൻ നടത്തിപ്പിലുള്ളതെന്നും, ചെയർപേഴ്സൺ, സാങ്കേതിക അംഗം എന്നീ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

​കൂടാതെ പശ്ചിമ ബംഗാൾ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, മേഘാലയ, ജമ്മു കശ്മീർ - ലഡാക്ക് സംയുക്ത വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ എന്നിവിടങ്ങളിലെയും ഒഴിവുകൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, കേരളം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, മേഘാലയ, സിക്കിം, മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്കു പുറമേ ജമ്മു കശ്മീരുമാണ് ഹർജിയുടെ പരിധിയിൽ വരുന്നത്.

​വൈദ്യുതി നിയമത്തിലെ 82, 84, 85 വകുപ്പുകൾക്കും 2008-ലെ കോടതിവിധിയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായി കമ്മീഷനുകൾ രൂപീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് എനർജി വാച്ച്ഡോഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമത്തിലെ 142-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ നീതി പ്രാപ്തി, അനന്തമായി നീളുന്ന നിയമനങ്ങളെ ആശ്രയിച്ചാകാൻ പാടില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. ഹർജിയിൽ നോട്ടീസ് അയച്ചിട്ടുള്ള കോടതി, ആരോപണങ്ങളിൽ തുടർന്ന് വിധി പറയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img