ശ്രീകുമാര്‍ മാത്രം, വാലുപേക്ഷിച്ച
ടിയാന്‍ ഇനി വി.എ. ശ്രീകുമാര്‍

കഴിഞ്ഞ ദിവസം, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച യൂണിയന്‍ പരിപാടിയില്‍ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ട താന്‍ വൈകി എത്തിയാല്‍ മതിയെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ ആരോപണം
മലയാളസിനിമയില്‍ വിവാദങ്ങള്‍ക്ക് പിന്നാലെ മാറ്റത്തിന്റെ വെളിച്ചം വീശുന്നു. തന്റെ പേരില്‍ നിന്നും മേനോന്‍ നീക്കം ചെയ്ത് സംവിധായകന്‍ വി.എ. ശ്രീകുമാര്‍ രംഗത്തെത്തി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ശ്രീകുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഉപേക്ഷിക്കുന്നു. ഇനി വി.എ. ശ്രീകുമാര്‍ മേനോന്‍ എന്ന് വേണ്ട വി.എ. ശ്രീകുമാര്‍ എന്ന് അറിയപ്പെട്ടാല്‍ മതി. തന്റെ പോസ്റ്റില്‍ സംവിധായകന്‍ പറയുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ നടന്‍ ബിനീഷ് ബാസ്റ്റിനുമായുള്ള വിവാദങ്ങളില്‍പ്പെട്ടിരുന്നു. ബിനീഷ് ബാസ്റ്റ്യനുണ്ടായ ആക്ഷേപത്തില്‍ പ്രതികരിച്ച് വി.എ. ശ്രീകുമാര്‍ കഴിഞ്ഞദിവസം രംഗത്ത് വരികയും ചെയ്തിരുന്നു. ചാന്‍സ് തെണ്ടികളാണ് ടീമേ നമ്മളെല്ലാവരും - എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ബിനീഷ് ബാസ്റ്റ്യനെ പോലെ ചാന്‍സ് ചോദിച്ച അനേകരാണ് പിന്നീട് സൂപ്പര്‍ താരങ്ങളാകുന്നതെന്നും ശ്രീകുമാര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച യൂണിയന്‍ പരിപാടിയില്‍ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ട താന്‍ വൈകി എത്തിയാല്‍ മതിയെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നുവെന്നാണ് ബിനീഷ് ബാസ്റ്റിന്റെ ആരോപണം. അതേ ചടങ്ങില്‍ മാഗസിന്‍ പ്രകാശനം നിര്‍വ്വഹിക്കാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ തന്നോടൊപ്പം വേദി പങ്കിടാന്‍ ആവില്ലെന്ന് അറിയിച്ചതനുസരിച്ചാണ് ഭാരവാഹികള്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും വേദിയിലെത്തി ബിനീഷ് വിശദീകരിച്ചു. ഈ വിവാദങ്ങള്‍ തീര്‍ത്ത പൊല്ലാപ്പുകള്‍ക്ക് പിന്നാലെയാണ് വി.എ. ശ്രീകുമാര്‍ തന്റെ നയം വ്യക്തമാക്കിയത്.
ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം -
പ്രിയമുള്ളവരേ,
കുട്ടിക്കാലം മുതല്‍ ജാതി ചിന്തകള്‍ക്ക് അതീതമായി വളര്‍ന്ന വ്യക്തിയാണ് ഞാന്‍. എന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേര്‍ന്നുള്ള അമ്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണ്. ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, എന്റെ പേരിന് ഒപ്പമുള്ള ജാതിവാല്‍ എന്നെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചുനാളുകളായി ബോധ്യപ്പെടുന്നുണ്ട്. അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു. എസ്.എസ്.എല്‍.സി. ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന്‍ എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാര്‍ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതില്‍ ഖേദിക്കുന്നു. ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്. മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ. ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. വി.എ. ശ്രീകുമാര്‍ എന്ന് അറിയപ്പെട്ടാല്‍ മതി.
സ്‌നേഹപൂര്‍വ്വം,
വി.എ. ശ്രീകുമാര്‍
അടുത്തിടെ വി.എ. ശ്രീകുമാറിനെതിരെ നടി മഞ്ജുവാര്യര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനും ആക്രമിക്കാനും ശ്രീകുമാര്‍ ശ്രമിക്കുന്നു എന്ന് കാട്ടിയാണ് മഞ്ജു സംസ്ഥാനപൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് മഞ്ജുവിനെതിരെ ശക്തമായ പ്രതികരണവുമായി ശ്രീകുമാര്‍ രംഗത്ത് വന്നിരുന്നു. ജാതിവാല്‍ ഉപേക്ഷിക്കാനുള്ള ശ്രീകുമാറിന്റെ പുതിയ തീരുമാനത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ഇത് മഞ്ജുവാര്യര്‍ക്ക് കൂടിയുള്ള കൊട്ടാണോ എന്ന് സംശയിക്കുന്നവരും നിരവധിയാണ്.
Photo Courtesy - Google











