
തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചയാൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാജിവയ്‌ക്കേണ്ടി വന്നത് സർക്കാരിന് കടുത്ത നാണക്കേടായി. വിവാദങ്ങളെത്തുടർന്ന് സർക്കാരിന്റെ മുഖം രക്ഷിക്കാൻ അഭിഭാഷകൻ കെ.ബി. പ്രദീപിനോട് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രധാന തസ്തികകളിലേക്ക് നിയമിച്ച രണ്ടുപേരാണ് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് രാജിവെയ്പിക്കേണ്ടി വന്നത്. നേരത്തെ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമാവുകയും രാജിവയ്ക്കേണ്ടിവരികയും ചെയ്തിരുന്നു.
നിയമനങ്ങളിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് വിശാല കെ.പി.സി.സി യോഗം കർശന നിർദ്ദേശം നൽകിയതിനു തൊട്ടുപിന്നാലെയാണ് സർക്കാർ അഭിഭാഷക നിയമനത്തിലും കൈപൊള്ളിയത്. സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായുള്ള കെ.ബി. പ്രദീപിന്റെ നിയമനത്തിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ കടുത്ത വിമർശനവും ഗുരുതര ആരോപണങ്ങളുമാണ് ഉയർന്നത്.
ഭരണപക്ഷത്തും മുന്നണിയിലും ഭിന്നത
ശബരിമല സ്വർണക്കൊള്ള പ്രധാന പ്രചാരണായുധമാക്കി അധികാരത്തിൽ വന്ന സർക്കാർ, അതേ കേസിലെ പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനാക്കിയത് യു.ഡി.എഫ് നേതാക്കളെപ്പോലും അമ്പരപ്പിച്ചു. നിയമനം മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരനും, പാർട്ടിയുടെ അറിവോടെയല്ല ഈ നിയമനമെന്ന് കെ.പി.സി.സി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫും പരസ്യമായി പ്രതികരിച്ചതോടെ മുഖ്യമന്ത്രി പൂർണ്ണമായും വെട്ടിലായി. ഈ നിയമനം രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതാക്കൾ.
അതേസമയം പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലംപോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നു. ബി.ജെ.പി അനുകൂല നിലപാടുള്ള കെ.ബി. പ്രദീപിന് എങ്ങനെ നിയമനം ലഭിച്ചുവെന്ന ഗുരുതര ചോദ്യവുമായി ലോയേഴ്സ് കോൺഗ്രസും രംഗത്തെത്തി. പ്രതിപക്ഷം ഇതു വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റി. സ്വർണം കട്ടവർക്കെതിരെ വാദിക്കാൻ അവരുടെ ഏജന്റു തന്നെ സർക്കാരിനായി ഹാജരാകുന്നു എന്നായിരുന്നു പ്രധാന ആരോപണം.
ഹൈക്കോടതി ഇടപെടൽ ഭയന്ന് അടിയന്തര രാജി
ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിപ്പട്ടികയിലുള്ള 'സ്മാർട്ട് ക്രിയേഷൻസി'ന് വേണ്ടി ഹാജരായ കെ.ബി. പ്രദീപിന്റെ നിയമനത്തിൽ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ശബരിമല സ്‌പെഷ്യൽ കമ്മിഷണറെ ആശങ്ക അറിയിച്ചിരുന്നു. അന്വേഷണ വിവരങ്ങൾ പ്രതികൾക്ക് ചോരുമെന്നായിരുന്നു ഇവരുടെ ആശങ്ക. സ്‌പെഷ്യൽ കമ്മിഷണർ ഇക്കാര്യം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കാനും സാദ്ധ്യതയുണ്ടായിരുന്നു.
ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി കെ.ബി. പ്രദീപ് ഹാജരായിരുന്നത്. നിലവിൽ ദേവസ്വം വകുപ്പിന് സ്‌പെഷ്യൽ ഗവ. പ്ലീഡർ തസ്തികയില്ലെന്നിരിക്കെ, പുതുതായി തസ്തിക സൃഷ്ടിച്ചായിരുന്നു കെ.ബി. പ്രദീപിനെ നിയമിച്ചത്. എന്നാൽ കോടതിയുടെ ഭാഗത്തുനിന്ന് കടുത്ത പരാമർശങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് വിവാദം കൊഴുത്തതോടെ മുഖ്യമന്ത്രി ഇടപെട്ട് രാജി വാങ്ങുകയായിരുന്നു.










