12:10am 06 September 2026
NEWS
കപട ഭക്തിയുണ്ടാക്കി മുഖ്യമന്ത്രി ശ്രമിച്ചത് പണ്ട് ശബരിമലയില്‍ ചെയ്തതിന് പ്രായശ്ചിത്തം ചെയ്യാന്‍ : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍
23/09/2025  03:42 PM IST
ചെറുകര സണ്ണിലൂക്കോസ്
കപട ഭക്തിയുണ്ടാക്കി മുഖ്യമന്ത്രി ശ്രമിച്ചത് പണ്ട് ശബരിമലയില്‍ ചെയ്തതിന് പ്രായശ്ചിത്തം ചെയ്യാന്‍ : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

 സര്‍ക്കാരിന്റെ അയ്യപ്പസംഗമത്തിന് യോഗി ആദിത്യനാഥ് സന്ദേശം നല്‍കിയ സാഹചര്യത്തില്‍ ബി.ജെ.പി എന്തിനാണ് മറ്റൊരു സംഗമം സംഘടിപ്പിച്ചത്? യോഗി ആദിത്യനാഥാണ് ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്ന പിണറായിക്ക് ഏറ്റവും നല്ല കൂട്ട്; ജാതി-മത സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചയാളെ മുഖ്യമന്ത്രി കാറില്‍ കയറ്റിക്കൊണ്ടു പോയപ്പോള്‍ തന്നെ അതു നല്‍കുന്ന സന്ദേശം വ്യക്തമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സര്‍ക്കാര്‍ വികസനത്തെ കുറിച്ച് ചിന്തിക്കുന്നത് എന്തൊരു മൗഢ്യമാണ്? യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളും യു.ഡി.എഫിന് വോട്ട് ചെയ്യും; പത്ത് കൊല്ലം കൊണ്ട് എല്‍.ഡി.എഫ് തകര്‍ത്ത് തരിപ്പണമാക്കിയ കേരളത്തെ രക്ഷിക്കാനുള്ള യു.ഡി.എഫ് ബദല്‍ ജനുവരിയില്‍ പ്രഖ്യാപിക്കും

അയ്യപ്പ സംഗമം നടത്തല്‍ സര്‍ക്കാരിന്റെ ജോലിയല്ല. മുഖ്യമന്ത്രി കപട ഭക്തിയുണ്ടാക്കി പണ്ട് ശബരിമലയില്‍ ചെയ്തതിന്റെ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിക്കുകയാണ്. അയ്യപ്പ സംഗമത്തിലൂടെ മുഖ്യമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നത്? മാസ്റ്റര്‍ പ്ലാന്‍ എന്നാണ് പറയുന്നത്. പത്താമത്തെ വര്‍ഷം തിരഞ്ഞെടുപ്പിന്റെ തലേന്നാണ് മാസ്റ്റര്‍ പ്ലാനിനെ കുറിച്ചും ശബരിമലയുടെ വികസനത്തെ കുറിച്ചും ചിന്തിക്കുന്നത്. കാപട്യമാണ് കാണിക്കുന്നത്. 9 വര്‍ഷം ഭരിച്ചപ്പോഴും ശബരിമലയുടെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ ആവേശം കാട്ടുന്നത്. യു.ഡി.എഫിന്റെ കാലത്ത് സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെ ഏറ്റെടുത്ത 112 ഹെക്ടര്‍ വനഭൂമിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. ശബരിമലയോട് ഇപ്പോള്‍ കാട്ടുന്നത് കപടഭക്തിയാണ്. യോഗി ആദിത്യനാഥിന്റെ സന്ദേശം കൂടിയായപ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എല്ലാവര്‍ക്കും മനസിലായി. ബി.ജെ.പിയുമായി കേരളത്തിലെ സി.പി.എമ്മിന് അവിശുദ്ധ ബാന്ധവമുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യോഗി ആദിത്യനാഥിന്റെ സന്ദേശം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതൊക്കെ മനസിലാക്കാനുള്ള സാമാന്യബുദ്ധിയുണ്ട്.


യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തിയ അയ്യപ്പസംഗമത്തില്‍ സന്ദേശം നല്‍കിയ സാഹചര്യത്തില്‍ ബി.ജെ.പി എന്തിനാണ് മറ്റൊരു അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ഇവരും കൂടി യോഗിക്കൊപ്പം അവിടെ പോയി ഇരുന്നാല്‍ മതിയായിരുന്നല്ലോ. അപ്പോള്‍ എല്ലാം തികഞ്ഞേനെ. യോഗി ആദിത്യനാഥാണ് പിണറായി വിജയന് പറ്റിയ ഏറ്റവും നല്ല കൂട്ട്. കാരണം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആ ലൈനാണ്. അതിന് മുന്‍പ് ന്യൂനപക്ഷ പ്രീണനമായിരുന്നു. അത് കിട്ടാതായപ്പോഴാണ് ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നത്. അതിന് ഏറ്റവും നല്ല കൂട്ട് യോഗി ആദിത്യനാഥാണ്. 

കേരളത്തില്‍ ജാതിമത സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുകയും മറ്റു സമുദായങ്ങളെ ആക്ഷേപിക്കുകയും വിജിലന്‍സ് കേസില്‍ പ്രതിയുമായ ഒരാളെ മുഖ്യമന്ത്രി കാറില്‍ കയറ്റി കൊണ്ടു പോയപ്പോള്‍ തന്നെ അതു നല്‍കുന്ന സന്ദേശം വ്യക്തമാണ്. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോകുമ്പോഴാണ് സര്‍ക്കാര്‍ വികസന സദസ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ വികസനത്തെ കുറിച്ച് ചിന്തിക്കുന്നത് എന്തൊരു മൗഢ്യമാണ്. പണം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ ശ്വാസംമുട്ടിച്ചു കൊന്ന സര്‍ക്കാരാണ് വികസന സദസ് നടത്തുന്നിതിനു വേണ്ടി അവിടെ നിന്നു തന്നെ പണം എടുക്കുന്നത്. എന്നിട്ടാണ് പ്രതിപക്ഷത്തെ പരിഹസിക്കുന്നത്. മുഖ്യമന്ത്രിയാണ് പരിഹാസപാത്രമായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഭരണത്തിന്റെ അവസാനമായപ്പോള്‍ കോണ്‍ക്ലേവുകള്‍ നടത്തുന്നതിന്റെ ബഹളമാണ്. ഇതൊക്കെ ഭരണത്തിന്റെ അവസാനമല്ല, തുടക്കത്തിലാണ് നടത്തേണ്ടത്. മലയോര മേഖല്ക്കും പട്ടികജാതിക്കാര്‍ക്കും ആരോഗ്യ മേഖലയ്ക്കും തീരദേശത്തും എന്തു ചെയ്യണമെന്ന് ഇനി ആലോചിച്ചിട്ട് കാര്യമില്ല. ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നതും ആളുകളെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ്. ഇത് എന്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരൊക്കെ തലയില്‍ കൈവയ്ക്കുകയാണ്. ആദ്യം അയ്യപ്പസംഗമം നടത്തി. അപ്പോള്‍ പേടിയായി. പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ പോകുകയാണ്. അങ്ങനെയെങ്കില്‍ ഓരോ മതത്തിന്റെ പേരിലും സംഗമം നടത്തട്ടെ. ഇവര്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയാണ്. ഇവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യും. ഇവര്‍ ഒരിക്കലും തിരിച്ചു വരരുതെന്ന് ആഗ്രഹിക്കുന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളാണ്. 

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നല്ല കാര്യങ്ങളോടൊക്കെ പ്രതിപക്ഷം സഹകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പത്താം വര്‍ഷത്തില്‍ നടത്തുന്ന നാടകങ്ങളോട് പ്രതിപക്ഷം സഹകരിച്ചാല്‍ പ്രതിപക്ഷത്തെ കുറിച്ച് ജനങ്ങള്‍ എന്തു വിചാരിക്കും? വ്യവസായ വികസനത്തിന് വേണ്ടിയുള്ള നിക്ഷേപക സംഗമത്തിന് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കിയല്ലോ. കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുന്ന കെ റെയിലിനെ ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. ആ എതിര്‍പ്പ് ഇനിയും തുടരും. ഇത്തരം നാടകങ്ങള്‍ക്ക് ഞങ്ങള്‍ കൂട്ടു നില്‍ക്കില്ല. മുഖ്യമന്ത്രി പരിഹാസപാത്രമായതു പോലെ പ്രതിപക്ഷം പരിഹാസപാത്രമാകേണ്ട ആവശ്യമില്ല. പ്രതിപക്ഷത്തിന് കേരളത്തിലെ വികസനത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും മലയോരത്തും തീരദേശത്ത് എന്തു ചെയ്യുമെന്നും ഞങ്ങള്‍ കൃത്യമായി പറയും. അതു ജനുവരിയില്‍ പ്രഖ്യാപിക്കും. സാമ്പത്തികമായി തകര്‍ന്ന കേരളത്തെ രക്ഷിക്കാനും യു.ഡി.എഫിന് പദ്ധതികളുണ്ട്. അതൊക്കെ ഞങ്ങള്‍ ജനുവരിയില്‍ പറഞ്ഞോളാം. പത്ത് കൊല്ലം ഭരിച്ച് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയിട്ടാണ് ഈ സര്‍ക്കാര്‍ പോകുന്നത്. അങ്ങനെ പോകുന്ന പോക്കിലാണ് ഞങ്ങള്‍ക്ക് വികസനത്തെ കുറിച്ച് ക്ലാസെടുക്കുന്നത്. ഇതെല്ലാം കാപട്യമാണ്. 

എസ്.ഐ.ആര്‍ നടപ്പാക്കരുതെന്ന് കോണ്‍ഗ്രസും യു.ഡി.എഫും ആവശ്യപ്പെട്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പു പോലെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് 2002 മുതല്‍ നീക്കം ചെയ്യുന്ന അന്‍പത്തി രണ്ടര ലക്ഷം പേരെ ചേര്‍ക്കാന്‍ പറ്റുമോ? അവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ തട്ടിപ്പായി മാറും. സ്വതന്ത്രവും നീതിയുക്തമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ പ്രത്യേകത. തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അന്‍പത്തിരണ്ടര ലക്ഷം പേര്‍ക്ക് വോട്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. അറുപതിനായിരം വോട്ടോളം ഒരു നിയോജക മണ്ഡലത്തില്‍ ചേര്‍ക്കേണ്ടി വരും. തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് അത് പ്രായോഗികമല്ല. ഇതൊരു തട്ടിപ്പാണ്. ബിഹാറിലേതു പോലെ ഒരു പരിപാടിയാണ്. അതിനെ ശക്തമായി എതിര്‍ക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img