
സംസ്ഥാനത്തെ സ്കൂളുകളിൽ പിൻബെഞ്ച് സംവിധാനം ഇല്ലാതാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ലെന്ന് മന്ത്രി പറയുന്നു. തന്റേ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരെ,
നമ്മുടെ സ്കൂൾ ക്ലാസ് മുറികളിൽനിന്ന് 'പിൻബെഞ്ചുകാർ' എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം. നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.
അടുത്തിടെ കേരളത്തിലെ സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി അറിയിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു.











