06:12pm 11 November 2026
NEWS
സിപിഐ നേതാക്കൾ തനിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾ ശരിയായില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
30/10/2025  04:08 PM IST
nila
സിപിഐ നേതാക്കൾ തനിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾ ശരിയായില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

സിപിഐ നേതാക്കളെ പരസ്യമായി വിമർശിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രംഗത്ത്. പിഎം ശ്രീ വിഷയത്തെച്ചൊല്ലിയ തർക്കത്തിന്റെ പിന്നാലെയാണ് സിപിഐ നേതാക്കളുടെ പെരുമാറ്റത്തെയും പ്രസ്താവനകളെയും വിമർശിച്ച് വിദ്യാഭ്യാസമന്ത്രി രം​ഗത്തെത്തിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിനെതിരെ സിപിഐ വിഭാഗം പ്രകടിപ്പിച്ച അതൃപ്തിയും വ്യക്തിപരമായ വിമർശനങ്ങളും ശരിയായില്ലെന്നാണ് മന്ത്രിയുടെ നിലപാട്. 

സിപിഐ സംസ്ഥാന ആസ്ഥാനത്ത് സെക്രട്ടറി ബിനോയ് വിശ്വത്തിനെ കാണാനെത്തിയപ്പോൾ, മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളിൽ തനിക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തിയതായും ശിവൻകുട്ടി ആരോപിച്ചു. “ഓഫിസിൽ വന്നാൽ സംസാരിക്കാതെ പറ്റുമോ” എന്ന അനിലിന്റെ പ്രതികരണം ‘പുച്ഛഭാവം നിറഞ്ഞതായിരുന്നു’ എന്നും “എവിടെയോ കിടന്ന ഒരുത്തൻ ഓഫിസിൽ വന്നതുപോലെ പെരുമാറിയതായിരുന്നു” എന്നും മന്ത്രി പരാമർശിച്ചു.

സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞ “എം.എ. ബേബി നിസഹായനാണെന്ന” അഭിപ്രായത്തോടും ശിവൻകുട്ടി വിയോജിപ്പ് പ്രകടിപ്പിച്ചു. പാർട്ടികൾ തമ്മിലുള്ള ബന്ധം വേദനിപ്പിക്കുന്ന രീതിയിൽ ആയിരിക്കരുതെന്നും, എഐഎസ്എഫും എഐവൈഎഫും നടത്തിയ മാർച്ചിനിടെ ഉന്നയിച്ച മുദ്രാവാക്യങ്ങളും വാക്കുകളും തനിക്കു മുറിവേൽപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. “പ്രതിഷേധം വേണ്ടതാണെങ്കിലും, അത് സഹയാത്രികരെ വേദനിപ്പിക്കാത്ത രീതിയിൽ ആകണം” എന്നായിരുന്നു ശിവൻകുട്ടിയുടെ മുന്നറിയിപ്പ്.

പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോൾ അവസാനിച്ചുവെന്നും മന്ത്രി അറിയിച്ചു. “മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. പക്ഷേ ചർച്ചയിലൂടെയാണ് എല്ലാം പരിഹരിക്കാൻ കഴിയുന്നത്,” എന്ന് ശിവൻകുട്ടി പറഞ്ഞു. കേന്ദ്രവുമായി ഒപ്പുവച്ച കരാറുകൾ സംബന്ധിച്ച വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നിലപാട് രൂപീകരിച്ചതെന്നും, ബാക്കി വിഷയങ്ങൾ മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 “പിഎം ശ്രീയിൽ ഒപ്പുവച്ചതിനെ എബിവിപി അഭിനന്ദിച്ചാൽ അതായത് വകുപ്പ് തെറ്റായ പാതയിലാണ്” എന്ന എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്റെ സോഷ്യൽ മീഡിയ കുറിപ്പും മന്ത്രിയിലേക്കുള്ള വിമർശനങ്ങൾ കൂടുതൽ തീവ്രമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img