സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചതിനെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ടായിരുന്നു വി ശിവൻകുട്ടിയുടെ വിമർശനം. കത്ത് എൽഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എന്നാൽ, കത്ത് ആരുടെയും വിജയമോ പരാജയമോ ആകുന്ന വിഷയമല്ലെന്നും അത് കേരളത്തിന്റെ അവകാശവാദമാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
"എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന്റെ അവകാശം തന്നെയാണ്. ആരുടേയും ഔദാര്യം അല്ല," വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. "കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി 45 മിനിറ്റ് നീണ്ട ചർച്ച നടന്നു. ലക്ഷ്യം കേന്ദ്ര ഫണ്ടുകൾ ഉറപ്പാക്കലായിരുന്നു. ആർഎസ്എസ് അജണ്ടയെ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.പിഎം ശ്രീ പദ്ധതിയല്ല, എസ്എസ്‌കെ ഫണ്ട് ഉൾപ്പെടെ മറ്റു ഫണ്ടുകളെപ്പറ്റിയാണ് കേന്ദ്രമന്ത്രിയുമായി ചർച്ച നടന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി.
എസ്എസ്കെ ഭാഗമായ 1152.77കോടി കിട്ടുമോ എന്ന് ആശങ്കയുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. അത് കിട്ടിയില്ലെങ്കിൽ വിദ്യാഭ്യസമന്ത്രിയായ തനിക്ക് ബാധ്യതയില്ല. അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുക്കണം. ആർഎസ്എസിനെ എതിർക്കാൻ നമ്മളെയുളളൂവെന്ന ചില കേന്ദ്രങ്ങളുടെ പ്രസ്‌താവന കണ്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തിയത്. മറ്റ് കേന്ദ്രഫണ്ടും കിട്ടുമോ എന്ന് പറയാൻ കഴിയില്ല. കിട്ടിയില്ലെങ്കിൽ അത് വിദ്യാഭ്യാസമന്ത്രിയുടെ കുറവായി കാണേണ്ട. ബിനോയ് വിശ്വത്തിൻ്റെ ലേഖനം വായിച്ചാൽ അത് ആരിലേക്ക് വിരൽ ചൂണ്ടുവെന്നത് വ്യക്തമാണ്. നമ്മളൊനും മണ്ടൻമാരല്ല. ഞാൻ വസ്‌തുത പറയുകയാണ്. തെരെഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല. രൂപീകരിച്ച കമ്മിറ്റിയെ പോലും ഇന്നലെ പുച്ഛിച്ചു. പിഎം ശ്രീയിൽ നിന്നും പിൻമാറിയിട്ടില്ല. താൽക്കാലികമായി മരവിപ്പിച്ചേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.










