
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർലമെന്റംഗങ്ങൾ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. നല്ലൊരു യുവ നേതൃത്വം കേരളത്തിലെ കോൺഗ്രസിനുണ്ടെന്ന് പറഞ്ഞ വി എം സുധീരൻ, പുതിയ തലമുറ മത്സരിക്കട്ടേയെന്നും കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ വി എം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സുധീരന്റെ പ്രതികരണം.
ഗ്രൂപ്പിസത്തിന്റെ കെടുതികൾ കേരളത്തിലെ കോൺഗ്രസുകാർക്ക് അറിയാമെന്നും വി എം സുധീരൻ പറഞ്ഞു. ഗ്രൂപ്പിന് അതീതമായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി. വി എം സുധീരനെ അരുവിക്കരയോ കഴക്കൂട്ടത്തോ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചനിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ നാദാപുരത്ത് മത്സരിപ്പിക്കാനാണ് ആലോചന.
അതേസമയം ഭൂരിഭാഗം എംപിമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ല. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.











