06:12pm 23 October 2026
NEWS
രക്തസാക്ഷി ഫണ്ടടക്കം ഒരു കോടി രൂപ നേതാക്കൾ തട്ടിയെടുത്തെന്ന ആരോപണം ഉന്നയിച്ച വി. കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കി
26/01/2026  05:08 PM IST
nila
 രക്തസാക്ഷി ഫണ്ടടക്കം ഒരു കോടി രൂപ നേതാക്കൾ തട്ടിയെടുത്തെന്ന ആരോപണം ഉന്നയിച്ച വി. കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കി

പയ്യന്നൂർ: രക്തസാക്ഷി ഫണ്ടടക്കം ഒരു കോടി രൂപ പാർട്ടി നേതാക്കൾ തട്ടിയെടുത്തുവെന്ന ആരോപണം പരസ്യമായി ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കി. ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. പാർട്ടി ശത്രുക്കളുടെ ആയുധമായി കുഞ്ഞിക്കൃഷ്ണൻ മാറിയെന്നും അദ്ദേഹം ആരോപിച്ചു. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ മുഴുവനായും അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.

കുഞ്ഞിക്കൃഷ്ണൻ ഉയർത്തിയ വിഷയങ്ങൾ 2022 ഏപ്രിലിൽ തന്നെ പാർട്ടി വിശദമായി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. ഇപ്പോൾ അദ്ദേഹം വെളിപ്പെടുത്തുന്നതിൽ പുതുമയൊന്നുമില്ല. ആരോപണങ്ങൾ ഉയർന്ന സമയത്ത് പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും കുഞ്ഞിക്കൃഷ്ണനെ പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. തുടർന്ന് പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിന്ന കുഞ്ഞിക്കൃഷ്ണനെ പിന്നീട് ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതായും പിന്നീട് ജില്ലാ സമ്മേളനത്തിൽ അംഗമാക്കിയതായും രാഗേഷ് വിശദീകരിച്ചു.

പിന്നീട് സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട് മധുസൂദനൻ എംഎൽഎയ്‌ക്കെതിരെ കുഞ്ഞിക്കൃഷ്ണൻ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് സഹകരണ സ്ഥാപനം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് പാർട്ടി വ്യക്തമാക്കി. ആരോപണങ്ങൾക്കുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കുഞ്ഞിക്കൃഷ്ണൻ അത് നൽകിയില്ലെന്നും ജില്ലാ കമ്മിറ്റിയിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങളിൽ പ്രചരണം നടത്തിയതിനാൽ അന്ന് തന്നെ ശാസന നൽകിയിരുന്നുവെന്നും രാഗേഷ് പറഞ്ഞു.

രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണം നടത്തിയതായും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വാർത്ത ചോർത്തിയതായി വ്യക്തമായ തെളിവുകൾ ലഭിച്ചതായും കെ.കെ. രാഗേഷ് ആരോപിച്ചു. പാർട്ടിയെ വഞ്ചിച്ച് വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയതായി കുഞ്ഞിക്കൃഷ്ണൻ തന്നെ സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആറുമാസമായി കുഞ്ഞിക്കൃഷ്ണൻ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിലും കീഴ്ഘടക യോഗങ്ങളിൽ പങ്കെടുക്കാറുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഇത്തരമൊരു ആരോപണം ഉയർത്തുന്നതെന്നും മധുസൂദനനോടുള്ള വ്യക്തിപരമായ വിരോധമാണ് ഇതിന് പിന്നിലെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.

ഫണ്ട് ശേഖരണത്തിനായുള്ള ചില റസീറ്റ് ബുക്കുകൾ പാർട്ടി ഓഫിസിൽ നിന്ന് നഷ്ടപ്പെട്ട സംഭവത്തിൽ ഓഡിറ്റ് നടത്തിയതായും ഓഫിസ് സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായും പാർട്ടി അറിയിച്ചു. കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നതുപോലെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ധനരാജ് ഫണ്ട് കൈകാര്യം ചെയ്തത് മധുസൂദനനല്ലെന്നും പാർട്ടി വ്യക്തമാക്കി.

ധനാപഹരണം നടന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും വരവ്-ചെലവ് കണക്കുകൾ സമയബന്ധിതമായി സമർപ്പിക്കാത്തത് ഗുരുതര വീഴ്ചയായിരുന്നുവെന്ന് നേതൃത്വം സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് നാല് വർഷത്തെ കാലതാമസം ഉണ്ടായതിനെ തുടർന്ന് 2022ൽ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്നും അത് ധനാപഹരണത്തിനല്ല, സംഘടനാപരമായ വീഴ്ചകൾക്കാണെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി.

കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റി അംഗമാക്കിയതിനെതിരെ അന്നേ ജില്ലാ കമ്മിറ്റിയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നുവെന്നും സമവായത്തിന്റെ ഭാഗമായി എടുത്ത തീരുമാനം തിരിച്ചടിയായെന്നും യോഗത്തിൽ അഭിപ്രായമുണ്ടായതായി നേതൃത്വം പറഞ്ഞു.

പാർട്ടി ശേഖരിച്ച പണത്തിന്റെ കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ട ബാധ്യതയില്ലെന്നും പാർട്ടി കണക്ക് പാർട്ടിക്കുള്ളിൽ മാത്രമേ വിശദീകരിക്കൂവെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് മുന്നിൽ യഥാർത്ഥ വസ്തുതകൾ പാർട്ടി തന്നെ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img