01:50am 17 June 2026
NEWS
ശിവൻകുട്ടിയുടെ എതിർപ്പ് തള്ളി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി തന്നെ
10/06/2026  01:14 PM IST
NILA
ശിവൻകുട്ടിയുടെ എതിർപ്പ് തള്ളി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും തെരഞ്ഞെടുത്ത് പാർട്ടി നേതൃത്വം. മുൻമന്ത്രി കൂടിയായ മുതിർന്ന നേതാവ് വി.ശിവൻകുട്ടി ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ജോയിയെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പാർലമെന്ററി സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരെ പാർട്ടി സംഘടനാ നേതൃത്വത്തിലേക്ക് നിയോഗിക്കരുതെന്ന സിപിഎമ്മിന്റെ പൊതുനിലപാടിനെ മറികടന്നാണ് വി.ജോയിയെ രണ്ടാമതും ജില്ലാ സെക്രട്ടറിയാക്കിയിരിക്കുന്നത്. ഇതേ വിഷയത്തിൽ തിരുവനന്തപുരം ജില്ലയിൽ നേരത്തേ തന്നെ അതൃപ്തി നിലനിന്നിരുന്നു.

പുതിയ ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെയും ജില്ലാ കമ്മിറ്റിയുടെയും യോഗങ്ങളിൽ വി.ശിവൻകുട്ടി പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പിൽ വിജയിച്ചവർ പാർട്ടി പദവികൾ ഒഴിയണമെന്ന മാനദണ്ഡം വി.ജോയിയുടെ കാര്യത്തിൽ മാത്രം ബാധകമാക്കാത്തതെന്താണെന്ന ചോദ്യവും അദ്ദേഹം നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചതായാണ് വിവരം.

വർക്കലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വി.ജോയി ഇറങ്ങിയതോടെ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എ.എ.റഹീമിന് നൽകിയിരുന്നു. തിരഞ്ഞെടുപ്പിൽ ജോയി വീണ്ടും വിജയിച്ചതിന് പിന്നാലെ ജില്ലയ്ക്ക് പൂർണസമയ സെക്രട്ടറിയെ നിയമിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായി ഉയർന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് നിലവിൽ സംഘടനാ ചുമതലകളില്ലാതെ നിൽക്കുന്ന ശിവൻകുട്ടിയും താൽപര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി.ജോയിയെ വീണ്ടും ജില്ലാ സെക്രട്ടറിയാക്കാൻ അന്തിമതീരുമാനമായത്. ഈ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ശിവൻകുട്ടി സംസ്ഥാന സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ചതായും റിപ്പോർട്ടുണ്ട്.

ശിവൻകുട്ടിക്കു പുറമേ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള ചില മുതിർന്ന നേതാക്കളും ജോയിയുടെ പുനർനിയമനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പുതിയ മുഖത്തെ പരിഗണിക്കണമെന്ന നിലപാടും ശിവൻകുട്ടിയെ സെക്രട്ടറിയാക്കണമെന്ന ആവശ്യവും യോഗങ്ങളിൽ ഉയർന്നുവന്നെങ്കിലും എല്ലാ എതിർപ്പുകളും മറികടന്ന് വി.ജോയിയുടെ പേര് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img