01:16am 27 September 2026
NEWS
വി-ഗാർഡ് ബിഗ് ഐഡിയ 2026 മത്സര വിജയികളെ പ്രഖ്യാപിച്ചു
27/09/2026  12:24 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വി-ഗാർഡ് ബിഗ് ഐഡിയ 2026 മത്സര വിജയികളെ പ്രഖ്യാപിച്ചു
HIGHLIGHTS

ബിഗ് ഐഡിയ 2026 മത്സര വിജയികൾക്കൊപ്പം വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായ മിഥുൻ കെ. ചിറ്റിലപ്പിള്ളി. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രൻ വെങ്കട്ടരാമൻ, വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി സെബാസ്റ്റ്യൻ, സി എഫ് ഓ സുദർശൻ കസ്തൂരി എന്നിവർ സമീപം.

കൊച്ചി : ബിസിനസ്, എഞ്ചിനീയറിങ് മേഖലകളില്‍ വളര്‍ന്നുവരുന്ന യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടത്തിവരുന്ന ബിഗ് ഐഡിയ മത്സരത്തിന്റെ പതിനാറാം പതിപ്പ് വിജയകരമായി സമാപിച്ചു. വര്‍ഷം തോറും ദേശീയ തലത്തില്‍ നടത്തിവരുന്ന ബിഗ് ഐഡിയയുടെ ബിസിനസ്സ് പ്ലാൻ മത്സരത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, തിരുച്ചിറപ്പള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍പേഴ്‌സണും മാനേജിങ് ഡയക്ടറുമായ മിഥുന്‍ കെ ചിറ്റിലപ്പിള്ളി വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ബിസിനസ്സ് പ്ലാന്‍ മത്സരത്തിൽ യോഗ്യത നേടിയ 22 ടീമുകളിൽ നിന്ന് പൂനെയിലെ സിംബയോസിസ് സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് റണ്ണർ അപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, വിശാഖപട്ടണം സെക്കൻഡ് റണ്ണർ അപ്പുമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഷില്ലോങ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, റാഞ്ചി എന്നിവർ പ്രത്യേക ജൂറി പുരസ്കാരങ്ങൾക്കും അർഹരായി.

ടെക്ക് ഡിസൈൻ മത്സരത്തിൽ 18 ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്. ഇതിൽ ഐ.ഐ.ടി. (ബി.എച്ച്.യു), വാരണാസി ഒന്നാം സ്ഥാനവും, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റണ്ണർ അപ്പും, കേരളത്തിലെ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ടീം എ) സെക്കൻഡ് റണ്ണർ അപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ടീം ബി), ചെന്നൈയിലെ വി.ഐ.ടി. സർവകലാശാല എന്നിവർ പ്രത്യേക ജൂറി പുരസ്കാരങ്ങളും നേടി.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍, രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 3500-ലധികം എൻട്രികൾ ലഭിച്ചിരുന്നു."വി-ഗാർഡ്: ചോയ്‌സസ് ദാറ്റ് ക്രിയേറ്റ് വാല്യൂ" എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു ബിസിനസ് പ്ലാൻ മത്സരം. വി-ഗാർഡ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ, വരുത്തേണ്ട തിരുത്തലുകൾ, പുതുതായി ഏതൊക്കെ വിപണി, ഉൽപ്പന്ന വിഭാഗം, ബിസിനസ് മേഖലകളിൽ പ്രവേശിക്കണം, അല്ലെങ്കിൽ പിൻവാങ്ങണം. ഉപഭോക്തൃ ആവശ്യങ്ങളും വിപണന തന്ത്രങ്ങളും കാര്യക്ഷമമായി അഭിസംബോധന ചെയ്യുന്നതോടൊപ്പം, ഈ തീരുമാനങ്ങൾ കമ്പനിയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും വിപണിയിലെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും എങ്ങനെ സഹായിക്കുന്നു എന്ന മാനദണ്ഡങ്ങൾ മുന്‍നിര്‍ത്തിയാണ് ബിസിനസ്സ് പ്ലാന്‍ മത്സരങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തത്.

സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, കിച്ചൻ അപ്ലയൻസസ് എന്നിവ നേരിടുന്ന പ്രായോഗിക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തി അവയെ പുനർനിർവ്വചിക്കുക, കൂടാതെ വി ഗാർഡിന്റെ ഏത് ഉൽപ്പന്ന നിരയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനായി ഒരു 'ഓപ്പൺ ഇന്നൊവേഷൻ' വിഭാഗത്തിലുമായാണ് ടെക് ഡിസൈന്‍ മത്സരങ്ങൾ നടന്നത്.

“രാജ്യത്തെ മികച്ച യുവപ്രതിഭകളുമായി സംവദിക്കാനും യഥാർഥ ബിസിനസ്, എൻജിനീയറിങ് വെല്ലുവിളികളെ അവർ എങ്ങനെ സമീപിക്കുന്നുവെന്ന് മനസ്സിലാക്കാനും ബിഗ് ഐഡിയ മികച്ച വേദിയായി മാറിയിട്ടുണ്ട്. 16-ാമത് പതിപ്പ് വിജയകരമായി പൂർത്തിയാക്കാനായതിൽ ഏറെ സന്തോഷമുണ്ട്, വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടറുമായ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. മത്സരാർഥികളുടെ സർഗാത്മകതയും പുതുമയുള്ള ചിന്തകളും പ്രശ്നപരിഹാര മികവും ഈ പതിപ്പിലും മികച്ച രീതിയിൽ പ്രകടമായി. വി-ഗാർഡ് 50-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും യുവപ്രതിഭകൾക്ക് വ്യവസായ മേഖലയുമായി സംവദിക്കാനും മാറിവരുന്ന ബിസിനസ്, സാങ്കേതിക മേഖലകളിൽ സംഭാവന നൽകാനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബിസിനസ്സ് പ്ലാന്‍ മത്സരത്തിലെ വിജയികള്‍ക്ക് 3 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1 ലക്ഷം രൂപയുമാണ് സമ്മാനത്തുക. പ്രത്യേക ജൂറി പുരസ്കാരങ്ങൾ നേടിയ 2 ടീമുകൾക് 25,000 രൂപ വീതവും ലഭിച്ചു. ടെക് ഡിസൈന്‍ വിഭാഗത്തിലെ വിജയികള്‍ക്ക് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും പ്രത്യേക ജൂറി പുരസ്കാര ജേതാക്കൾക്ക് 10,000 രൂപ വീതവും സമ്മാനമായി ലഭിച്ചു. വി-ഗാര്‍ഡിന്റെ മുന്‍നിര മാനേജ്മെന്റ് പ്രതിനിധികളുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള അവസരവും മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img