രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ നടപടി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തെന്ന് സ്പീക്കറെ അറിയിച്ച് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് രാഹുലിനെ പാർട്ടി പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയത്. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഭാഗമല്ലെന്ന് സതീശൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നിയമസഭയിൽ എത്തിയാൽ രാഹുൽ മാങ്കൂട്ടത്തിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും.
അതേസമയം, ലൈംഗിക അതിക്രമ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ ആശയക്കുഴപ്പം തുടരുകയാണ്. രാഹുൽ നിയമസഭയിൽ വരുന്നതിൽ പ്രതിപക്ഷ നേതാവിന് വിയോജിപ്പുണ്ട്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിലപാട്. ഇക്കാര്യത്തിൽ തന്റെ ശക്തമായ വിയോജിപ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കെപിസിസി അധ്യക്ഷനെ അറിയിച്ചിരുന്നു.
രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്താൽ സർക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്. അതേസമയം രാഹുലിനെ സംരക്ഷിക്കണമെന്നാണ് എ ഗ്രൂപ്പിന്റെയും ഒരു വിഭാഗം നേതാക്കളുടെയും നിലപാട്. ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നിട്ടും ഭരണകക്ഷി എംഎൽഎമാർ സഭയിൽ എത്തുന്നുണ്ടെന്നാണ് ന്യായീകരണം.











