04:43pm 11 November 2026
NEWS
പിഎം ശ്രീ പദ്ധതി സംബന്ധിച്ച് കോൺ​ഗ്രസിലും ഭിന്നത
22/10/2025  03:39 PM IST
nila
പിഎം ശ്രീ പദ്ധതി സംബന്ധിച്ച് കോൺ​ഗ്രസിലും ഭിന്നത

പിഎം ശ്രീ പദ്ധതി സംബന്ധിച്ച് സിപിഐ - സിപിഎം തർക്കം രൂക്ഷമാകുന്നതിനിടെ കോൺ​ഗ്രസിലും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഐക്യമില്ല. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്ളത്. എന്നാൽ, കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ രം​ഗത്തെത്തി. ഇതോടെ പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇടതു മുന്നണിയിൽ ശക്തമാകുന്ന തർക്കം കോൺ​ഗ്രസിലേക്കും വ്യാപിക്കുകയാണ്.  

കേന്ദ്ര ഫണ്ടല്ലേ വെറുതേ കണ്ടയേണ്ടല്ലോ എന്നായിരുന്നു  പിഎം ശ്രീയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വി ഡി സതീശൻ പ്രതികരിച്ചത്. 'കേന്ദ്ര സർക്കാരിന്റെ പേര് ആരോഗ്യ കേന്ദ്രങ്ങളുടെ ബോർഡിലെഴുതാൻ വേറെ ആളെ നോക്കിയാൽ മതിയെന്ന് പറഞ്ഞവരാണ് രണ്ട് കൊല്ലത്തിന് ശേഷം അതേ പേര് എഴുതിയത്. രണ്ട് കൊല്ലത്തെ കാശ് പോയി എന്നതാണ് അതിലുണ്ടായ നഷ്ടം. പിഎം ശ്രീയിൽ ഒരുപാട് നിബന്ധനകളുണ്ട്. ബിജെപിയുടെ വർഗീയ രാഷ്ട്രീയം അടിച്ചേൽപിക്കാനുള്ള അജണ്ടയാണ്. എന്നാൽ സർക്കാൻ മുന്നോട്ടിറങ്ങി അത്തരം നിബന്ധനകളെ ഒഴിവാക്കി കേന്ദ്രത്തിൽനിന്ന് പണം വാങ്ങുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. കേന്ദ്രത്തിന്റെ പണം മോദിയുടെ വീട്ടിലെ പണമല്ല, നമ്മുടെ നികുതി പണമാണ്. പക്ഷെ പണം തരുന്നതിനൊപ്പം ബിജെപിയുടെ വർഗീയ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ സംസ്ഥാന സർക്കാർ സ്വീകരിക്കരുത്', വി ഡി സതീശൻ പറഞ്ഞു.

ബിജെപി-സിപിഎം ഡീലിൻറെ ഭാഗമായാണ് പദ്ധതി എന്നായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്. 'പിഎം ശ്രീ ഒറ്റയ്ക്കല്ല. കേരളത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎം-ബിജെപി ഡീലാണ്. അതിൽ ഒന്നാണ് പിഎം ശ്രീ പദ്ധതി എന്ന് കരുതിയാൽ മതി. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് വന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറച്ചുവെച്ചതും സിപിഐഎം മറച്ചുവെച്ചതും നമുക്ക് മനസിലാക്കാൻ പറ്റും. ലാവ്‌ലിൻ കേസ് നാൽപത് തവണ മാറ്റിവെയ്ക്കുന്നത് നമുക്ക് മനസിലാക്കാൻ പറ്റും. ഇങ്ങനെ എടുത്ത് നോക്കിയാൽ ഒരു പരമ്പര തന്നെയുണ്ട്. അതിൽപ്പെട്ട ഒന്നാണ് പിഎം ശ്രീ പദ്ധതി', കെ സി വേണുഗോപാൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img