11:07pm 02 October 2026
NEWS
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്ദുറഹിമാനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് എസ്‌ഐടി
02/10/2026  08:14 PM IST
nila
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ മന്ത്രി അബ്ദുറഹിമാനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരത്തുനിന്നും എസ്‌ഐടി സംഘം വ്യാഴാഴ്ച മലപ്പുറത്തെത്തി ഏകദേശം മൂന്ന് മണിക്കൂറാണ് മുൻ മന്ത്രിയിൽനിന്ന് മൊഴിയെടുത്തത്.

അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള കരാർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലഭിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും വിവരങ്ങൾ തേടിയത്. കരാർ ലഭിക്കുന്നതിൽ കായിക വകുപ്പിനും മുൻ മന്ത്രിക്കും ഉണ്ടായിരുന്ന ഇടപെടലുകൾ, ഔദ്യോഗിക ആശയവിനിമയത്തിൽ അധ്യാപിക ഇടനിലക്കാരിയായ സാഹചര്യം, ടീമിന്റെ വരവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ വിദേശയാത്ര, വിദേശത്ത് നടന്ന ചർച്ചകൾ എന്നിവയെക്കുറിച്ചും അന്വേഷണ സംഘം വിശദമായി ചോദിച്ചറിഞ്ഞു.

നിബന്ധനകൾ പാലിക്കാതെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് അനുവദിച്ചതെന്ന പരാതിയിലും അബ്ദുറഹിമാന്റെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ മുൻ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിനെയും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.

വകുപ്പുകളെ അറിയിക്കാതെയും ഏകപക്ഷീയമായുമാണ് അന്നത്തെ മന്ത്രി ചില നടപടികൾ സ്വീകരിച്ചതെന്ന തരത്തിലുള്ള മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

അതേസമയം, കേരളത്തിന് ഗുണകരമാകുന്ന പരിപാടിയെന്ന നിലയിലാണ് അർജന്റീന ടീമിന്റെ സന്ദർശനത്തിനായി ഇടപെട്ടതെന്നാണ് അബ്ദുറഹിമാന്റെ വിശദീകരണം. താൻ സദുദ്ദേശ്യത്തോടെയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. വിദേശയാത്ര ഉൾപ്പെടെയുള്ള നടപടികളെല്ലാം ചട്ടപ്രകാരമാണ് നടത്തിയതെന്നും മുൻ മന്ത്രി മൊഴിയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img