
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ മരണം ആറായി. പൈലറ്റും അഞ്ച് യാത്രക്കാരുമടക്കം ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചമോലി ജില്ലാ പോലീസ് മേധാവി സുർജിത് സിങ് പൻവർ പിടിഐയോട് അറിയിച്ചു.
പൈലറ്റ് ഹിമാൻഷു സബർവാൾ (48), യാത്രക്കാരായ പ്രതാപ് (41), അരുൺ സലൂങ്കേ (44), ശങ്കർ ഗൗഡ (39), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് മരിച്ചത്. പൈലറ്റ് പടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിയാണ്. യാത്രക്കാർ ബെംഗളൂരു സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. മരിച്ച അരുൺ പോലീസ് സേനാംഗവും ശങ്കർ അഭിഭാഷകനുമാണ്.
ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടർ ബദ്രീനാഥിൽനിന്ന് ഡെഹ്റാഡൂണിലേക്ക് പുറപ്പെട്ടത് ഉച്ചയ്ക്ക് 1.14-ഓടെയായിരുന്നു. ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഹെലികോപ്ടറുമായുള്ള ആശയവിനിമയം നഷ്ടമായത്. ഇതോടെ അധികൃതർ തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് ഹെലികോപ്ടർ തകർന്നുവീണതായി സ്ഥിരീകരിച്ചത്.
വിവരമറിഞ്ഞ് സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് എന്നിവയുടെ സംഘങ്ങൾ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തുടർനടപടികളും നടത്തി. എന്നാൽ ഹെലികോപ്ടറിലുണ്ടായിരുന്ന ആരുടെയും ജീവൻ രക്ഷിക്കാനായില്ല.











