
ന്യൂഡൽഹി: ഗാസിയാബാദിൽ പൗരത്വ പരിശോധന നടത്തുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് സ്വീകരിച്ച അസാധാരണ രീതിയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ജനങ്ങളുടെ പൗരത്വ രേഖകൾ പരിശോധിക്കുന്നതിന് പകരം ആളുകളുടെ പുറത്ത് മൊബൈൽ ഫോൺ തൊട്ടു ‘സ്കാൻ’ ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിചിത്രമായ ഈ പരിശോധനയിലൂടെ പൊലീസുകാരൻ പൗരത്വം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദത്തിനാണ് വഴിയൊരുങ്ങിയത്.
സൂപ്പർമാർക്കറ്റുകളിൽ ബാർകോഡ് റീഡർ ഉപയോഗിക്കുന്നതുപോലെ നടത്തിയ ഈ പരിശോധനയിൽ, സ്കാൻ ചെയ്ത വ്യക്തിയെ ബംഗ്ലാദേശി പൗരനായി അടയാളപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഇയാൾ ബിഹാറിലെ അരാരിയ സ്വദേശിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
പൗരത്വ പരിശോധന സാധാരണയായി സർക്കാർ രേഖകളുടെയും ആധാർ പോലുള്ള ബയോമെട്രിക് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നടത്തുന്നത്. വ്യക്തിയുടെ മുതുകിൽ മൊബൈൽ ഫോൺ സ്പർശിപ്പിച്ചാൽ ജന്മസ്ഥലം കണ്ടെത്താമെന്ന തരത്തിലുള്ള ഉപകരണത്തിന്റെ ഉപയോഗമാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
വൈറലായ ദൃശ്യങ്ങൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഗാസിയാബാദിൽ പൊലീസ്–സിആർപിഎഫ് സംഘം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുകയാണ്. തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുകയും സംശയാസ്പദരെ ചോദ്യം ചെയ്യുകയും ചെയ്യുന്നതായും അധികൃതർ അറിയിച്ചു.











