04:49am 24 October 2026
NEWS
അണ്ടർ 23 വനിതാ ഏകദിനം കേരളത്തിനെതിരെ ഉത്തർപ്രദേശിന് പത്ത് വിക്കറ്റ് വിജയം
09/03/2026  08:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അണ്ടർ 23 വനിതാ ഏകദിനം കേരളത്തിനെതിരെ ഉത്തർപ്രദേശിന് പത്ത് വിക്കറ്റ് വിജയം

പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് വീണ്ടും തോൽവി. ഉത്തർപ്രദേശ് പത്ത് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 46.4 ഓവറിൽ 140 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് 26 ഓവറിൽ ലക്ഷ്യത്തിലെത്തി. ടൂർണ്ണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്.  

കേരളം 46.4 ഓവറിൽ 140ന് ഓൾഔട്ട്, ഉത്തർപ്രദേശ്  26 ഓവറിൽ 141/0

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്. മുൻനിര ബാറ്റർമാരിൽ 23 റൺസെടുത്ത ദിയ ഗിരീഷ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്നു കേരളം. ഏഴാം വിക്കറ്റിൽ അലീന എം.പിയും മനസ്വിയും ചേർന്നുള്ള 51 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്കോർ 140-ൽ എത്തിച്ചത്. അലീന 33-ഉം മനസ്വി 18-ഉം റൺസെടുത്തു. ഉത്തർപ്രദേശിന് വേണ്ടി ഭൂമി സിങ് മൂന്ന് വിക്കറ്റും സോനം യാദവും സന്ധ്യ ഛേത്രിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശിന് വേണ്ടി ഓപ്പണർമാരായ തൃപ്തി സിങ്ങും ബബിത യാദവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതൽ കേരള ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ച ഇരുവരും ചേർന്ന് 26 ഓവറിൽ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. തൃപ്തി സിങ് 70ഉം ബബിത യാദവ് 59ഉം റൺസ് നേടി പുറത്താകാതെ നിന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img