
ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ഇറാനെ ആക്രമിക്കുക എന്ന ലക്ഷ്യംവെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പശ്ചിമേഷ്യയിലേക്ക് അയച്ചത്. അയ്യായിരത്തോളം സൈനികരാണ് ഈ കപ്പലിലുള്ളത് എന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ കപ്പലിലെ നാവികർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇപ്പോൾ ശത്രുമിസൈലുകളല്ല. മറിച്ച്, കപ്പലിലെ അത്യാധുനിക മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ പൂർണ തകരാറാണ്.
13.3 ബില്യൺ ഡോളർ ചെലവിൽ നിർമിച്ച കപ്പലിലെ വാക്വം അധിഷ്ഠിത മലിനജല സംവിധാനം പ്രവർത്തനരഹിതമായതോടെ, 650 ടോയ്ലറ്റുകളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായി. ഇതിന്റെ ഫലമായി, പ്രാഥമിക ആവശ്യങ്ങൾക്കായി നാവികർക്ക് 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ട അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പൈപ്പുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് തടയാൻ ‘ആസിഡ് ഫ്ലഷ്’ നടത്തേണ്ടിവരുന്നു. ഓരോ ഫ്ലഷിനും ഏകദേശം 4 ലക്ഷം ഡോളർ (ഏകദേശം 3.3 കോടി രൂപ) ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. യുദ്ധസജ്ജമായി കടലിൽ തുടരുന്ന സാഹചര്യത്തിൽ ഇത്തരം അറ്റകുറ്റപ്പണികൾ പ്രായോഗികമല്ലെന്നും വ്യക്തമാക്കുന്നു.
2025 ജൂൺ മുതൽ കടലിൽ തുടരുന്ന നാവികർക്ക് ഇതുവരെ നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചിട്ടില്ല. എട്ടുമാസത്തിലേറെയായി നീളുന്ന ദൗത്യം ഒരു വർഷം വരെ നീളാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു. മക്കളുടെ ജനനം, പ്രിയപ്പെട്ടവരുടെ വിയോഗം തുടങ്ങിയ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ നഷ്ടപ്പെട്ടതോടെ നാവികർക്കിടയിൽ മനോവീര്യം തകർന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
യന്ത്രത്തകരാറുകൾ പരിഹരിക്കാൻ സാങ്കേതിക പ്രവർത്തകർക്ക് ദിവസവും 19 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നു. ഇതു കടുത്ത ക്ഷീണത്തിനും ജോലി ഉപേക്ഷിക്കാനുള്ള പ്രവണതയ്ക്കും കാരണമാകുന്നതായി വിലയിരുത്തപ്പെടുന്നു.
സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ വിക്ഷേപിക്കാൻ ശേഷിയുള്ള, അമേരിക്കയുടെ സൈനിക കരുത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ കൂറ്റൻ കപ്പൽ, ശൗചാലയ തകരാർ എന്ന തികച്ചും സാധാരണമായ ഒരു പ്രശ്നത്തിന് മുന്നിൽ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്.











