
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി അമേരിക്ക. യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് ഉൾപ്പെട്ട യുദ്ധക്കപ്പൽ വ്യൂഹം മേഖലയിലെത്തിയതായി യുഎസ് സൈന്യം അറിയിച്ചു. ഇതോടെ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി ഉയർന്നു.
ഏപ്രിൽ 23-നാണ് ഈ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് സെൻട്രൽ കമാൻഡ് പരിധിയിൽ പ്രവേശിച്ചതെന്ന് സ്ഥിരീകരിച്ചു. ഇതിനകം തന്നെ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയുടെ മറ്റ് ഭാഗങ്ങളിലുമായി പട്രോളിംഗ് തുടരുകയാണ്.
ഇറാനെതിരെ ഫെബ്രുവരി അവസാനത്തിൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ രണ്ട് ആഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലവിലിരിക്കെയാണ് പുതിയ വിന്യാസം. പ്രധാന വിമാനവാഹിനിക്കപ്പലുകൾക്ക് പിന്തുണയായി മറ്റ് സായുധ കപ്പലുകളും മേഖലയിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവഴി പശ്ചിമേഷ്യയിൽ അമേരിക്കയുടെ സൈനിക ശക്തി കൂടുതൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ.










