
യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (യുഎസ്ഐ) റീനൽ ട്രാൻസ്പ്ലാൻറ് വിഭാഗത്തിന്റെ വാർഷിക സമ്മേളനം യു.എസ്. ഐ പ്രസിഡന്റ് ഡോ. രാജീവ് ടി.പി ഉദ്ഘാടനം ചെയ്യുന്നു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. ദിനേശൻ കെ.എം.; ഡോ. ഉമേഷ് ഓസ; ഡോ. ഉത്തം മെറ്റെ, ഡോ. അജയ് ഓസ്വാൾ; ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. വിജയ് രാധാകൃഷ്ണൻ എന്നിവർ സമീപം.
കൊച്ചി: യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (യുഎസ്ഐ) റീനൽ ട്രാൻസ്പ്ലാൻറ് വിഭാഗത്തിന്റെ നാലാമത് വാർഷിക യോഗം ക്രൗൺ പ്ലാസയിൽ ആരംഭിച്ചു.യു.എസ്. ഐ പ്രസിഡന്റ് ഡോ. രാജീവ് ടി.പി.സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ അവയവദാന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യവ്യാപകമായി ട്രാൻസ്പ്ലാൻറ് പരിചരണം മെച്ചപ്പെടുത്തുകയും വേ ണമെന്ന് അദ്ദേഹം പറഞ്ഞു.
“ദാതാക്കളുടെ കുറവും ശസ്ത്രക്രിയാ സങ്കീർണതകളും ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയിലെ വിവിധ വെല്ലുവിളികളും ഫലപ്രദമായി നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഇതിനൊപ്പം അവയവദാനമെന്ന ജീവദാന പ്രവൃത്തിയിലുള്ള പൊതുജനാവബോധവും വിശ്വാസവും വളർത്തിയെടുക്കേണ്ടതുണ്ട്, ഡോ. രാജീവ് പറഞ്ഞു.
സമ്മേളനത്തിലെ ശാസ്ത്ര സെഷനുകൾ ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. വിജയ് രാധാകൃഷ്ണൻ വിശദീകരിച്ചു.
“ഇന്ത്യയിൽ വൃക്കരോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യം മുൻനിർത്തി പ്രതിരോധ നടപടികൾക്കൊപ്പം ട്രാൻസ്പ്ലാൻറ് മാനേജ്മെന്റിനും തുല്യ പ്രാധാന്യം നൽകണം. അതിനൂതന സാങ്കേതിക സംവിധാനങ്ങളും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളും വഴി വൃക്ക രോഗങ്ങളിൽ ശസ്ത്രക്രിയ കുറ്റമറ്റതാക്കാൻ സംഘാന പ്രതിജ്ഞാബദ്ധമാണ്,” ഡോ. വിജയ് രാധാകൃഷ്ണൻ പറഞ്ഞു.
ഓർഗനൈസിംഗ് ചെയർമാൻ ഡോ. ദിനേശൻ കെ.എം.; ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ. വിജയ് രാധാകൃഷ്ണൻ ; റീനൽ ട്രാൻസ്പ്ലാൻറ് വിഭാഗം ചെയർമാൻ ഡോ. ഉമേഷ് ഓസ; റീനൽ ട്രാൻസ്പ്ലാൻറ് വിഭാഗം സെക്രട്ടറി ഡോ. അജയ് ഓസ്വാൾ; യുഎസ്ഐ സെക്രട്ടറി ഡോ. ഉത്തം മെറ്റെ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
രാജ്യത്തെ പ്രമുഖ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയാ വിദഗ്ദ്ധരും നെഫ്രോളജിസ്റ്റുകളും യൂറോളജിസ്റ്റുകളും പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം സങ്കീർണ്ണമായ വൃക്ക മാറ്റിവയ്ക്കൽ, വാസ്കുലർ ആക്സസ് ശസ്ത്രക്രിയകൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
റോബോട്ട്-അസിസ്റ്റഡ് കിഡ്നി ട്രാൻസ്പ്ലാൻറേഷൻ (RAKT), പീഡിയാട്രിക് റീനൽ ട്രാൻസ്പ്ലാൻറേഷൻ, ഡ്യുവൽ കിഡ്നി ട്രാൻസ്പ്ലാൻറ് രീതികൾ, യൂറോളജിക്കൽ സങ്കീർണതകളുടെ മാനേജ്മെന്റ് എന്നിവ ഉൾപ്പെടുന്നതാണ് മറ്റ് ശാസ്ത്രീയ സെഷനുകൾ. തത്സമയ ശസ്ത്രക്രിയാ സെഷനുകളും സമ്മേളനത്തിൽ നടക്കും.
ഔറംഗാബാദ് യൂറോളജി അസോസിയേഷൻ സിമ്പോസിയവും, ഡിജിറ്റൽ ഹെൽത്ത് കെയറിലെ തെറ്റായ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന "ഇൻഫോഡെമിക്സ് ഇൻ യൂറോളജി" എന്ന പ്രത്യേക സെഷനും സമ്മളനം ഒരുക്കിയിട്ടുണ്ട്. മെയ് 11 ന് സമ്മേളനം സമാപിക്കും.











