
താരസംഘടനയായ ‘അമ്മ’യിൽ ഉണ്ടായ കൂട്ടരാജിയുടെയും ആഭ്യന്തര വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ നടി ലക്ഷ്മിപ്രിയക്കെതിരെ വിമർശനവുമായി നടി ഉഷ ഹസീന. സംഘടനയ്ക്കുള്ളിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാൻ ലക്ഷ്മിപ്രിയ ശ്രമിച്ചുവെന്നാണ് ഉഷയുടെ ആരോപണം. വർഗീയ പരാമർശങ്ങളും വിഭജന രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്നവരെ സംഘടനയിൽ ആവശ്യമില്ലെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ പത്ത് മാസമായി നടി അൻസിബ നേരിട്ടുവന്ന പ്രശ്നങ്ങൾക്കും ആരോപണങ്ങൾക്കും തങ്ങൾ യഥാസമയം മറുപടി നൽകിയിട്ടുണ്ടെന്ന് ഉഷ ഹസീന വ്യക്തമാക്കി. അൻസിബ സ്വീകരിച്ച നിലപാടുകൾക്കൊപ്പമാണ് തങ്ങളെന്നും ‘അമ്മ’ ജനറൽ ബോഡിയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും അതേ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഭരണസമിതിയുടെ കൂട്ടരാജിയ്ക്ക് പിന്നാലെ അമ്മയിലെ അംഗത്വത്തിൽ നിന്നും ലക്ഷ്മിപ്രിയ രാജിവച്ചിരുന്നു. തന്റെ രാജി മുതിർന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബുസ ഉഷ ആലപ്പുഴ എന്നിവർക്കായി സമർപ്പിക്കുന്നുവെന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. തന്റെ ശവം കാണാൻ പോലും വരരുതെന്നും അനുശോചനം പോലും അറിയിക്കരുതെന്നും ലക്ഷ്മിപ്രിയ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. ലക്ഷ്മിപ്രിയ സംഘടനാ അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ഉഷ ഹസീനയുടെ പ്രതികരണം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
'ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു msg അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ fb യിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.
അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ. അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ് ശെരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു. ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം എനിക്ക് കാണുകയും വേണ്ട.










