
കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിലുണ്ടായിരുന്ന കത്രിക സുരക്ഷിതമായി പുറത്തെടുത്തു. നിലവിൽ ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം എറണാകുളം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിന് കൈമാറി.
സംഭവത്തിൽ ഉഷ ജോസഫിന്റെ ഭർതൃ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറായ ഡോ. ഷാഹിദയെ കേസിൽ പ്രതിയാക്കിയിട്ടില്ല. എന്നാൽ ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നഴ്സായ ധന്യ പി. എസിനെയും അന്വേഷണവിധേയമായി ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കുശേഷം കടുത്ത വേദന അനുഭവപ്പെട്ടിരുന്നുവെന്ന് ഉഷ പിന്നീട് പ്രതികരിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആശ്വാസം ലഭിച്ചില്ലെന്നും അവർ പറഞ്ഞു. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയതോടെ നടത്തിയ പരിശോധനകളിലാണ് സംശയം ശക്തമായത്. തുടക്കത്തിൽ മൂത്രസഞ്ചിയിൽ കല്ലാണെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും, പിന്നീട് എടുത്ത എക്സ്റേയിൽ വയറ്റിനുള്ളിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഉഷയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയത്.











