
ന്യൂഡൽഹി: ബ്യൂട്ടി ക്രീം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. പാകിസ്ഥാനിൽ നിർമിച്ച രണ്ട് സൗന്ദര്യവർധക ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ഡ്രഗ്‌സ് റെഗുലേറ്റർ. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന അളവിൽ ഘനലോഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
‘ഗോരി ബ്യൂട്ടി ക്രീം’, ‘ചാന്ദ്നി വൈറ്റനിംഗ് ക്രീം’ എന്നിവയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയ ഉൽപ്പന്നങ്ങൾ. ഈ ക്രീമുകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) വ്യക്തമാക്കി.
ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തുന്നതിന് ആവശ്യമായ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളോ അനുമതികളോ ഇല്ലാതെയാണ് ഉൽപ്പന്നങ്ങൾ രാജ്യത്തെത്തിയതെന്നാണ് കണ്ടെത്തൽ. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രീമുകളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതലായി ഘനലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ഇത്തരം ഘടകങ്ങൾ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ചർമ്മത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
ക്രീമുകളുടെ വിൽപ്പന, വിതരണം, പരസ്യം എന്നിവ രാജ്യത്ത് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കൺട്രോളർമാർക്കും ബന്ധപ്പെട്ട റെഗുലേറ്ററി ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.
വിപണിയിൽ ഇത്തരം ഉൽപ്പന്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാങ്ങരുതെന്നും അധികൃതർ നിർദേശിച്ചു. ഇതിനകം വാങ്ങിയിട്ടുള്ളവർ ഉപയോഗം ഉടൻ നിർത്തണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
അനുമതിയില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ രാജ്യത്തെ വിപണിയിൽ എത്തുന്നത് തടയുന്നതിനായി പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കാനുള്ള നടപടികളും കേന്ദ്ര ഡ്രഗ് കൺട്രോൾ വിഭാഗം ആരംഭിച്ചിട്ടുണ്ട്.










