
ഏഴ് വയസുകാരന്റെ മുറിവ് ഫെവി ക്വിക്ക് കൊണ്ട് ഒട്ടിച്ച നഴ്സിനെ സസ്പെൻഡ് ചെയ്തു. കർണാടകയിലാണ് സംഭവം. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് കുട്ടിയുടെ കവിളിലേറ്റ ആഴത്തിലുള്ള മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ ഉപയോഗിച്ച് ഒട്ടിച്ചത്. സംഭവം വിവാദമായതോടെ ഇവരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഴ്സിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
ജനുവരി 14നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഗുരുകിഷൻ അന്നപ്പ ഹൊസമണി എന്ന കുട്ടിയുടെ കവിളിലെ മുറിവാണ് പശ ഉപയോഗിച്ച് ഒട്ടിച്ചത്. മുറിവിൽ തുന്നലിട്ടാൽ മുഖത്ത് മാറാത്ത പാടുണ്ടാവുമെന്ന് പറഞ്ഞായിരുന്നു നഴ്സ് പശ ഉപയോഗിച്ചത്. കുട്ടിയുടെ രക്ഷകർത്താക്കൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.
ആദ്യം തന്നെ പ്രാഥമിക അന്വേഷണം നടത്തി നഴ്സിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്ത പശയായ ഫെവിക്വിക്ക് ദ്രാവകം കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നടപടി.











