
ന്യൂഡൽഹി: ആഹാരത്തിൽ എണ്ണയുടെ അളവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത വണ്ണം തടയാൻ എണ്ണ ഉപഭോഗം പത്ത് ശതമാനം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനായി പ്രധാനമന്ത്രി ഒരു ചലഞ്ചും മുന്നോട്ടുവെച്ചിരിക്കുകയാണ്. നടൻ മോഹൻലാൽ ഉൾപ്പെടെ പത്തുപേരെയാണ് മോദി ചലഞ്ച് ചെയ്തിരിക്കുന്നത്. ഇവർ ഓരോരുത്തരും പത്തുപേരെ ചലഞ്ച് ചെയ്യണമെന്നും അങ്ങനെ ആ പ്രക്രിയ തുടർന്ന് പരിപാടി വ്യാപിപ്പിക്കണമെന്നും അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയാ മൻ കി ബാത്തിൽ സംസാരിക്കവെ അഭ്യർത്ഥിച്ചു.
പത്ത് പേരെ സമൂഹമാദ്ധ്യത്തിലൂടെയാണ് അദ്ദേഹം നാമനിർദേശം ചെയ്തത്.'അമിത വണ്ണത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനും ആഹാരത്തിൽ എണ്ണയുടെ അളവ് കുറയ്ക്കുന്നതിനായുള്ള ബോധവത്കരണം പ്രചരിപ്പിക്കാനും ഞാൻ ഇവരെ നാമനിർദേശം ചെയ്യുകയാണ്. ഇവർ ഓരോരുത്തരും പത്ത് ആളുകളെ വീതം നോമിനേറ്റ് ചെയ്ത് പരിപാടി വ്യാപിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു'- എന്നാണ് മോദി എക്‌സിൽ പറഞ്ഞത്. ആനന്ദ് മഹീന്ദ്ര, ദിനേശ് ലാൽ യാദവ്, മനു ഭാകർ, മീരാഭായ് ചാനു, മോഹൻ ലാൽ, നന്ദൻ നിലേകനി, ഒമർ അബ്‌ദുള്ള, മാധവൻ, ശ്രേയാ ഘോഷാൽ, സുധ മൂർത്തി എന്നിവരെയാണ് പ്രധാനമന്ത്രി ചലഞ്ചിനായി നാമനിർദേശം ചെയ്തത്.











