
സാൻ ഫ്രാൻസിസ്‌കോ: ആതിഥേയരായ യുഎസ് 2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഫൊളാരിൻ ബലോഗനും മാലിക് ടിൽമാനുമാണ് യുഎസിനായി വലകുലുക്കിയത്. മത്സരത്തിനിടെ ബലോഗൻ ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും പത്ത് പേരുമായി കളിച്ച യുഎസ് വിജയം കൈവിടാതെ കാത്തുസൂക്ഷിച്ചു. അടുത്ത ഘട്ടത്തിൽ ബെൽജിയമാണ് യുഎസിന്റെ എതിരാളികൾ.
മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണോത്സുകമായ സമീപനമായിരുന്നു ബോസ്‌നിയ സ്വീകരിച്ചത്. ഹൈ-പ്രസ് തന്ത്രത്തിലൂടെ യുഎസ് പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കിയ അവർക്ക് 10-ാം മിനിറ്റിൽ മികച്ച അവസരവും ലഭിച്ചു. എഡിൻ ജെക്കോയുടെ പാസിൽ നിന്ന് ഡെമിറോവിച്ച് നടത്തിയ ഷോട്ട് യുഎസ് ഗോൾകീപ്പർ മാറ്റ് ഫ്രീസെ മികച്ച സേവ് നടത്തി തടഞ്ഞു.
ആദ്യ 15 മിനിറ്റുകൾക്ക് ശേഷം കളിയുടെ നിയന്ത്രണം പൂർണമായും യുഎസ് ഏറ്റെടുത്തു. ക്രിസ്റ്റ്യൻ പുലിസിച്ചിനെയും ബലോഗനെയും ലക്ഷ്യമിട്ട് സെർജിനോ ഡെസ്റ്റ്, വെസ്റ്റൺ മക്കെനി, ടൈലർ ആഡംസ്, മാലിക് ടിൽമാൻ, ആന്റണി റോബിൻസൺ എന്നിവർ തുടർച്ചയായി മുന്നേറ്റങ്ങൾ ഒരുക്കി. 32-ാം മിനിറ്റിൽ മക്കെനിയുടെ പാസിൽ നിന്ന് ബലോഗൻ നേടിയ ഗോൾ ഓഫ്‌സൈഡ് കാരണം അനുവദിച്ചില്ല.
എന്നാൽ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ യുഎസ് ലീഡ് നേടി. ടിൽമാന്റെ ത്രൂബോൾ ബോസ്‌നിയൻ പ്രതിരോധതാരത്തിന്റെ കാലിൽ തട്ടി ബലോഗന്റെ മുന്നിലെത്തിയപ്പോൾ, ഇടംകാലനടി കൊണ്ട് താരം പന്ത് ഗോൾകീപ്പർ നിക്കോള വാസിലിനെ മറികടന്ന് വലയിലെത്തിച്ചു.
രണ്ടാം പകുതിയിലും യുഎസിന്റെ ആധിപത്യം തുടർന്നെങ്കിലും 64-ാം മിനിറ്റിൽ ബലോഗൻ പുറത്തായതോടെ മത്സരത്തിന്റെ ഗതി മാറുമെന്ന് തോന്നി. പന്തിനായുള്ള പോരാട്ടത്തിനിടെ അബദ്ധത്തിൽ ബോസ്‌നിയൻ താരം മുഹറെമോവിച്ചിന്റെ കണങ്കാലിൽ ചവിട്ടിയതിന് വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി ചുവപ്പുകാർഡ് കാണിച്ചത്.
എന്നാൽ പത്ത് പേരായി ചുരുങ്ങിയിട്ടും യുഎസ് പ്രതിരോധം ഉറച്ചുനിന്നു. ഒടുവിൽ 82-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് മാലിക് ടിൽമാൻ മനോഹരമായി ലക്ഷ്യത്തിലെത്തിച്ചതോടെ യുഎസ് വിജയം ഉറപ്പിച്ചു. ബോക്‌സിന് തൊട്ടു പുറത്തുവെച്ച് ഡെസ്റ്റിനെ റാഡെലിച്ച് ഫൗൾ ചെയ്തതിനാണ് യുഎസിന് നിർണായക ഫ്രീകിക്ക് ലഭിച്ചത്.











