പിന്നെങ്ങിനെ മേയ് സന്ദേശം നൽകും ?

അതേസമയം, ഉൾക്കടലിൽ അപകടങ്ങൾ നടക്കുമ്പോൾ പടക്കംപൊട്ടിക്കുന്ന കീഴ്വഴക്കവും ഉണ്ട്. ആകാശത്തിൽ വളരെ വേഗം ഉയര്‍ന്നുപൊങ്ങി പൊട്ടിത്തെറിക്കുന്ന പടക്കങ്ങൾ ഉൾക്കടലിലെ മറ്റ് നൗകകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടിയാണ് അയക്കുന്നത്
ന്യുയോര്‍ക്ക് : അതിന് ഇത് മാര്‍ച്ച് മാസമല്ലേ... പിന്നെങ്ങിനെ മേയ് സന്ദേശം നൽകും. ഇനി അഥവാ നൽകാമെന്ന് വെച്ചാലും അമേരിക്ക മെയ് ദിനം അംഗീകരിച്ചിട്ടില്ലല്ലോ... ല്ലേ... – ജഗദീഷിന്റെ ഇൻഹരിഹര്‍ നഗര്‍ അപ്പുക്കുട്ടൻ ഇമേജുമായി പ്രചരിക്കുന്ന ട്രോളിലെ ഡയലോഗുകളാണിത്. അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ച് പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് പ്രസ്തുത ട്രോളിനാധാരം. കപ്പൽ പാലത്തിലിടിച്ചതിന് തൊട്ടുപിന്നാലെ കപ്പൽ ജീവനക്കാര്‍ മേയ്ഡേ സന്ദേശം നൽകിയെന്നും അതേത്തുടര്‍ന്ന് അധികൃതര്‍ പാലം അടച്ചതുകൊണ്ട് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചില്ലെന്നുമായിരുന്നു വാര്‍ത്താഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മേയ്ഡേ സന്ദേശം എങ്ങിനെ മാര്‍ച്ച് മാസം നൽകുമെന്ന തരത്തില്‍ ട്രോളുകൾ പ്രചരിച്ചത്. മേയ് ഡേ സന്ദേശം എന്നാൽ എന്താണെന്ന് പലര്‍ക്കും അറിവുണ്ടെങ്കിലും അതിലെ നര്‍മ്മത്തിന്റെ സാദ്ധ്യതയാണ് പലരും ട്രോളിനായി ഉപയോഗിച്ചത്. അതേസമയം, മേയ്ഡേ സന്ദേശം എന്നാലെന്തെന്ന് അറിയാത്തവരും ധാരാളം.
സംഗതി സിമ്പിളാണ് – അടിയന്തിരഘട്ടങ്ങളിൽ വിമാനത്തിൽ നിന്നോ കപ്പലിൽ നിന്നോ പുറപ്പെടുവിക്കുന്ന റേഡിയോ സന്ദേശ കീവേഡാണ് മേയ് ഡേ. അന്താരാഷ്ട്ര തലത്തിൽ ഇതുപയോഗിച്ചുവരുന്നുണ്ട്. തങ്ങൾ അപകടത്തിലാണെന്നും എത്രയുംവേഗം രക്ഷാമാര്‍ഗ്ഗങ്ങൾ എത്തിക്കണമെന്നും അധികൃതരെ (കോസ്റ്റ് ഗാര്‍ഡ്, ഏവിയേഷൻ കൺട്രോൾ സെന്റര്‍) അറിയികുന്നതിനാണ് ഇത്തരം സന്ദേശം അയക്കുന്നത്. അതേസമയം, ഉൾക്കടലിൽ അപകടങ്ങൾ നടക്കുമ്പോൾ പടക്കംപൊട്ടിക്കുന്ന കീഴ്വഴക്കവും ഉണ്ട്. ആകാശത്തിൽ വളരെ വേഗം ഉയര്‍ന്നുപൊങ്ങി പൊട്ടിത്തെറിക്കുന്ന പടക്കങ്ങൾ ഉൾക്കടലിലെ മറ്റ് നൗകകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ വേണ്ടിയാണ് അയക്കുന്നത്. ഒരേസമയം, ശബ്ദം കൊണ്ടും ദൃശ്യം കൊണ്ടും മറ്റുള്ളവരെ ആകര്‍ഷിക്കാൻ സാധിക്കുമെന്നതിനാൽ പ്രത്യേക നിറത്തിലും വലിപ്പത്തിലുള്ള പടക്കങ്ങളാണ് (പൂക്കുറ്റി) നാവികര്‍ പൊട്ടിക്കുക. വിമാനങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും മേയ് ഡേ സന്ദേശം പുറപ്പെടുവിക്കുമ്പോൾ മൂന്നുപ്രാവശ്യം മേയ് ഡേ എന്ന് പറയണമെന്നതാണ് നിര്‍ദ്ദേശം. മറ്റു റേഡിയോ സന്ദേശങ്ങൾ സൃഷ്ടിക്കുന്ന നോയ്സിൽ നിന്നും വേറിട്ട് നിൽക്കാനും അപകടത്തിന്റെ വ്യാപ്തി അധികൃതരുടെ ശ്രദ്ധയിൽ വേഗം എത്തിക്കാനുമാണ് ഇങ്ങിനെ ചെയ്യുന്നത്.
Photo Courtesy - Google