
വാഷിങ്ടൺ: യുഎൻ സംവിധാനങ്ങൾ ഉൾപ്പെടെ 66 അന്താരാഷ്ട്ര സംഘടനകളിലും കൂട്ടായ്മകളിലും നിന്നും അമേരിക്ക പിന്മാറി. ഇതുമായി ബന്ധപ്പെട്ടുള്ള യുഎസിന്റെ പങ്കാളിത്തം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉത്തരവിട്ടു. ഈ സംഘടനകൾ അമേരിക്കക്ക് യാതൊരു പ്രയോജനവും നൽകുന്നില്ലെന്നും ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള വിലയിരുത്തലിലാണ് തീരുമാനം. ഇതിൽ 31 യുഎൻ സംഘടനകളും 35 യുഎൻ ഇതര അന്താരാഷ്ട്ര സംവിധാനങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യയും ഫ്രാൻസും ചേർന്ന് ആരംഭിച്ച ഇന്റർനാഷനൽ സോളർ അലയൻസ്, യുക്രെയ്നിലെ ശാസ്ത്ര സാങ്കേതിക കേന്ദ്രവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ എന്നിവയും അമേരിക്ക വിട്ടുനിൽക്കുന്ന പദ്ധതികളിൽ ഉൾപ്പെടുന്നു. ഇനി മുതൽ ഈ സംഘടനകളുടെ യോഗങ്ങളിലും പദ്ധതികളിലും അമേരിക്ക പങ്കെടുക്കില്ലെന്നും സാമ്പത്തിക സഹായം നൽകില്ലെന്നും പ്രസിഡൻഷ്യൽ ഉത്തരവിൽ വ്യക്തമാക്കുന്നു.
സൗരോർജ വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച ഇന്റർനാഷനൽ സോളർ അലയൻസിൽ നൂറിലധികം രാജ്യങ്ങൾ അംഗങ്ങളായിരിക്കെ, അമേരിക്കയുടെ പിന്മാറ്റം ഈ രാജ്യാന്തര കൂട്ടായ്മകൾക്ക് തിരിച്ചടിയാകുമോയെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്.











