
വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ ആതിഥേയരായ യുഎസ് കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഓസ്ട്രേലിയയെ 2-0 ന് തോൽപ്പിച്ച അമേരിക്ക, തുടർച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും സൂക്ഷ്മതയോടെയാണ് കളിച്ചത്. ഓസ്ട്രേലിയയാണ് ആദ്യം ആക്രമണങ്ങൾക്ക് തുടക്കമിട്ടതെങ്കിലും യുഎസ് പ്രതിരോധത്തെ ഭേദിക്കാൻ കഴിഞ്ഞില്ല. മുഹമ്മദ് ടോറെയും ഏയ്ഡൻ ഒ'നീലും നടത്തിയ ശ്രമങ്ങൾ ഫലമില്ലാതെ പോയി.
എന്നാൽ കളിയുടെ നിയന്ത്രണം ക്രമേണ യുഎസ് സ്വന്തമാക്കി. 11-ാം മിനിറ്റിൽ ഫൊളാരിൻ ബലോഗന്റെ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ബോക്സിലേക്ക് നൽകിയ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഓസ്ട്രേലിയൻ പ്രതിരോധ താരം കാമറോൺ ബർജെസിന്റെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് കയറുകയായിരുന്നു. അപ്രതീക്ഷിത സെൽഫ് ഗോളിലൂടെ അമേരിക്ക ലീഡ് നേടി.
ആദ്യ ഗോളിന് ശേഷം യുഎസ് ആക്രമണങ്ങൾ കൂടുതൽ മൂർച്ഛിച്ചു. ടൈലർ ആഡംസ്, മാലിക് ടിൽമാൻ, സെർജിനോ ഡെസ്റ്റ്, റിക്കാർഡോ പെപ്പി എന്നിവർ തുടർച്ചയായി ഓസ്ട്രേലിയൻ ഗോൾമുഖം ലക്ഷ്യമിട്ടു. സമ്മർദം അതിജീവിക്കാൻ ബുദ്ധിമുട്ടിയ ഓസ്ട്രേലിയൻ പ്രതിരോധം പലപ്പോഴും പിഴവുകൾ വരുത്തി.
43-ാം മിനിറ്റിൽ യുഎസ് രണ്ടാം ഗോളും നേടി. കോർണറിൽ നിന്ന് ഉണ്ടായ ആശയക്കുഴപ്പത്തിനിടെ പന്ത് അലക്സ് ഫ്രീമാന്റെ മുന്നിലെത്തി. അവസരം പാഴാക്കാതിരുന്ന താരം ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഓഫ്സൈഡ് സംശയം ഉയർന്നെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിച്ചു.
രണ്ടാം പകുതിയിൽ ആക്രമണത്തിന് കൂടുതൽ ശക്തി നൽകാൻ ഓസ്ട്രേലിയ മാറ്റങ്ങൾ വരുത്തി. നെസ്റ്റോറി ഇറാൻകുണ്ട ഉൾപ്പെടെയുള്ള താരങ്ങളെ കളത്തിലിറക്കിയെങ്കിലും അമേരിക്കൻ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല. അവസാന നിമിഷങ്ങളിൽ ചില മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
ആധികാരിക പ്രകടനവുമായി കളം നിറഞ്ഞ യുഎസ്, രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പ് ഡിയിലെ മുന്നേറ്റം ശക്തമാക്കി. ഓസ്ട്രേലിയക്കെതിരെ നേടിയ ഈ വിജയം അമേരിക്കയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതായി.










