
ന്യൂഡൽഹി:ലോകത്തെ വിറപ്പിച്ച ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ ഉപയോഗിച്ച് അമേരിക്ക ഇന്ത്യയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്ന വിസ്ഫോടനാത്മകമായ ആരോപണവുമായി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയെയും കുറിച്ചുള്ള പരാമർശങ്ങൾ ഈ ഫയലുകളിൽ ഉണ്ടെന്നും, ഇത് ആയുധമാക്കി ഇന്ത്യയുടെ താല്പര്യങ്ങൾ ബലികഴിച്ച് യു.എസുമായി വ്യാപാര കരാറിൽ ഒപ്പിടാൻ സർക്കാർ നിർബന്ധിതരായെന്നും രാഹുൽ ആരോപിച്ചു.
അന്താരാഷ്ട്ര തലത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രമുഖർക്ക് കാഴ്ചവെച്ച കേസിൽ പ്രതിയായ ജെഫ്രി എപ്‌സ്റ്റീന്റെ രേഖകളിൽ കേന്ദ്രമന്ത്രിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പേരുകൾ ഉണ്ടെന്നാണ് രാഹുലിന്റെ വാദം. കരസേനാ മേധാവിയുടെ പുസ്തകത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഭരണപക്ഷം തടഞ്ഞതിന് പിന്നാലെയാണ് എപ്‌സ്റ്റീൻ വിഷയമുയർത്തി രാഹുൽ സർക്കാരിനെ കടന്നാക്രമിച്ചത്.
എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ വെറും 'കോമാളിത്തരമാണെന്ന്' കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വാർത്താ സമ്മേളനത്തിൽ തിരിച്ചടിച്ചു. 2009 മുതൽ 2017 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡറായിരുന്ന കാലയളവിൽ ഔദ്യോഗിക പദവിയുടെ ഭാഗമായി പങ്കെടുത്ത ചില യോഗങ്ങളെക്കുറിച്ചാണ് എപ്‌സ്റ്റീൻ ഫയലുകളിൽ ഉള്ളതെന്നും, അവ തികച്ചും പ്രൊഫഷണൽ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. ക്രിമിനൽ കേസുകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ വിളിച്ചുപറയുന്നത് രാഹുലിന്റെ സ്ഥിരം സ്വഭാവമാണെന്നും മന്ത്രി പരിഹസിച്ചു. എപ്‌സ്റ്റീൻ ഫയലുകളെ കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഉയർന്നുവന്ന ഈ രാഷ്ട്രീയ പോര് വരും ദിവസങ്ങളിൽ സഭയ്ക്കകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.











