
വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നെന്ന് റിപ്പോർട്ടുകൾ . വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിച്ചുവരുത്തിയ യുഎസ് ഉദ്യോഗസ്ഥർ, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമായി നിലകൊള്ളണമെന്ന് ശക്തമായി ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. യുഎസ് അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബിയാണ് അമേരിക്കയിലെ വത്തിക്കാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയത്. മാർപ്പാപ്പയുടെ സമാധാന ആഹ്വാനം അമേരിക്കൻ ഭരണകൂടത്തോട് വെല്ലുവിളിയായാണ് പെന്റഗൺ കാണുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൈനിക ശക്തിക്ക് പകരം ചർച്ചകളിലൂടെ പ്രശ്നപരിഹാരം വേണമെന്ന മാർപ്പാപ്പയുടെ നിലപാട് യുഎസ് പ്രതിരോധ വൃത്തങ്ങളെ അസ്വസ്ഥരാക്കിയെന്നാണ് സൂചന.
അമേരിക്കയിൽ ജനിച്ച ആദ്യ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, മുൻപ് തന്നെ അമേരിക്കൻ ഭരണകൂടത്തിന്റെ കുടിയേറ്റ-വിദേശ നയങ്ങളെ വിമർശിച്ചിരുന്നു. 2026 ജനുവരി 9-ന് നടത്തിയ പ്രസംഗത്തിൽ “യുദ്ധം വീണ്ടും ലോകത്ത് സാധാരണമായ പ്രവണതയായി മാറുന്നു” എന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. ശക്തിപ്രദർശനവും കുടിയേറ്റക്കാരോടുള്ള കഠിന സമീപനവും വർധിക്കുന്നതിനെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് യുഎസ് അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബി, വത്തിക്കാൻ സ്ഥാനപതി കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിൽ വിളിച്ച് കൂടിക്കാഴ്ച നടത്തിയത്. മാർപ്പാപ്പയുടെ പ്രസംഗം വിശദമായി പരിശോധിച്ച യുഎസ് ഉദ്യോഗസ്ഥർ, അതിൽ അമേരിക്കയ്ക്കെതിരായ നിലപാട് പ്രകടമാണെന്ന് ആരോപിച്ചതായി വത്തിക്കാൻ വൃത്തങ്ങൾ പറയുന്നു. അമേരിക്കയുടെ സൈനിക ശക്തി ലോകത്ത് നിർണായകമാണെന്നും സഭ അതിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്നുമുള്ള സൂചനയും നൽകിയതായാണ് റിപ്പോർട്ട്.
കൂടിക്കാഴ്ചയിൽ 14-ാം നൂറ്റാണ്ടിലെ ‘അവിഗ്നൻ പാപ്പസി’ കാലത്തെ പരാമർശം അമേരിക്കൻ ഭാഗത്ത് നിന്ന് ഉണ്ടായത് വത്തിക്കാനെ കൂടുതൽ അസ്വസ്ഥരാക്കിയിട്ടുണ്ട്. അന്നത്തെ ഫ്രഞ്ച് സമ്മർദ്ദത്തിൽ മാർപ്പാപ്പമാർ റോമിൽ നിന്ന് ഫ്രാൻസിലേക്ക് താമസം മാറ്റേണ്ടിവന്ന സാഹചര്യത്തെ ചൂണ്ടിക്കാട്ടിയതിനെ, വത്തിക്കാൻ വൃത്തങ്ങൾ പരോക്ഷ ഭീഷണിയായി കാണുന്നു.
സംഭവങ്ങൾക്ക് പിന്നാലെ വത്തിക്കാൻ ശക്തമായ പ്രതികരണം അറിയിച്ചു. മാർപ്പാപ്പ തന്റെ എല്ലാ അമേരിക്കൻ സന്ദർശനങ്ങളും റദ്ദാക്കിയതായും, അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനുള്ള വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ക്ഷണം നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്. പകരം, അഭയാർത്ഥി പ്രശ്നത്തിന്റെ കേന്ദ്രങ്ങളിലൊന്നായ ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദർശിക്കാൻ അദ്ദേഹം ആലോചിക്കുന്നതായി സൂചനയുണ്ട്.
അതേസമയം, ഈ വിവാദങ്ങളെ വൈറ്റ് ഹൗസ് തള്ളി. വത്തിക്കാനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൂടിക്കാഴ്ച സൗഹൃദപരമായ രീതിയിലായിരുന്നു നടന്നതെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഹംഗറി സന്ദർശനത്തിനിടെ അറിയിച്ചു.











