08:53am 10 October 2026
NEWS
13 പേരുടെ ജീവനെടുത്ത സൈനികന്റെ വധശിക്ഷ ലൈവായി കാണിക്കുമെന്ന് അമേരിക്ക; ഫയറിങ് സ്ക്വാഡ് ഡിസംബർ മൂന്നിന്
10/10/2026  06:21 AM IST
nila
13 പേരുടെ ജീവനെടുത്ത സൈനികന്റെ വധശിക്ഷ ലൈവായി കാണിക്കുമെന്ന് അമേരിക്ക; ഫയറിങ് സ്ക്വാഡ്  ഡിസംബർ മൂന്നിന്

വാഷിങ്ടൺ: അമേരിക്കയിൽ വധശിക്ഷ പരസ്യമായി നടപ്പാക്കുന്നതിനും നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുമുള്ള നീക്കം വിവാദമാകുന്നു. 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വെടിവയ്പ് നടത്തി 13 പേരെ കൊലപ്പെടുത്തിയ നിദാൽ ഹസന്റെ വധശിക്ഷ ഫയറിങ് സ്ക്വാഡ് വഴി നടപ്പാക്കാനാണ് തീരുമാനം. ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് ശിക്ഷ നടപ്പാക്കുമെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

56കാരനായ ഹസൻ അന്ന് സൈന്യത്തിൽ സൈക്യാട്രിസ്റ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. 2009 നവംബർ അഞ്ചിന് ഫോർട്ട് ഹുഡ് സൈനിക ആശുപത്രിയിൽ നടത്തിയ വെടിവയ്പിലാണ് 13 പേർ കൊല്ലപ്പെട്ടത്. സൈനിക യൂണിഫോമിലെത്തിയായിരുന്നു ഇയാൾ ആക്രമണം നടത്തിയത്.

ഫയറിങ് സ്ക്വാഡിലെ സൈനികർ ഒരേസമയം പ്രതിക്കുനേരെ വെടിയുതിർത്ത് വധശിക്ഷ നടപ്പാക്കുന്ന നടപടി പൊതുജനങ്ങൾക്ക് കാണാനായി പെന്റഗൺ ലൈവ്സ്ട്രീമിങ് ഒരുക്കുമെന്നാണ് പ്രഖ്യാപനം. 1945നു ശേഷം അമേരിക്കയിൽ വധശിക്ഷയ്ക്കായി ഫയറിങ് സ്ക്വാഡിനെ ഉപയോഗിക്കുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹസന്റെ വധശിക്ഷ ഫയറിങ് സ്ക്വാഡ് വഴി നടപ്പാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകിയതായി പെന്റഗൺ അറിയിച്ചു. ഹെഗ്സെത്തിന്റെ അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം. എന്നാൽ, വധശിക്ഷയുടെ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനും ട്രംപിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. അപ്പീൽ നൽകിയാലും ശിക്ഷ നടപ്പാക്കുന്നതിൽ മാറ്റമുണ്ടാകില്ലെന്ന നിലപാടാണ് ഹെഗ്സെത്ത് സ്വീകരിച്ചതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ആംനെസ്റ്റി ഇന്റർനാഷനൽ ഉൾപ്പെടെയുള്ള സംഘടനകൾ വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് ഇത്തരം സംപ്രേഷണം തടയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന രീതി ചില രാജ്യങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ടെലിവിഷനിലൂടെയോ ലൈവ്സ്ട്രീമിങ്ങിലൂടെയോ വധശിക്ഷ സംപ്രേഷണം ചെയ്തിട്ടുള്ളതായി സ്ഥിരീകരിച്ച ചരിത്രമില്ലെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img