
വാഷിങ്ടൺ: ഇറാൻ - അമേരിക്ക സംഘർഷ സാധ്യത രൂക്ഷമാകുന്നു. ആണവ കരാറിൽ ഇറാൻ ഒപ്പിടുന്നില്ലെങ്കിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊല്ല അലി ഖമനയി, അദ്ദേഹത്തിന്റെ മകൻ, ഇറാനിലെ മത നേതൃത്വം എന്നിവരെ വധിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുഎസ് മാധ്യമമായ ആക്സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇറാൻ അണുബോംബ് നിർമിക്കില്ലെന്ന വ്യക്തമായ ഉറപ്പ് നൽകുന്ന പക്ഷം, ആണവ സമ്പുഷ്ടീകരണം തുടരാൻ അനുമതി നൽകുന്ന തരത്തിലുള്ള കരാറിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായേക്കും എന്നും റിപ്പോർട്ടുകളുണ്ട്.
“ആക്രമണം ഒഴിവാക്കണമെങ്കിൽ ഇറാൻ ഇപ്പോൾ തന്നെ വ്യക്തമായ വാഗ്ദാനം നൽകണം. സമയം നീട്ടാനുള്ള നീക്കങ്ങൾ സഹിക്കാനാവില്ല,” ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ സാധ്യതകൾക്കും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ടെന്നും, അതിൽ അത്യന്തം കടുത്ത നിർദ്ദേശങ്ങളും ഉൾപ്പെടുന്നുവെന്നുമാണ് സൂചന.
ആണവ വിഷയത്തിൽ നയതന്ത്ര പരിഹാരത്തിന് വഴികൾ ചുരുങ്ങുന്ന സാഹചര്യത്തിൽ ഇറാൻ–യുണൈറ്റഡ് സ്റ്റേറ്റ്സ് ബന്ധം സൈനിക സംഘർഷത്തിലേക്ക് നീങ്ങുന്നതായി ഗൾഫ്, യൂറോപ്യൻ വൃത്തങ്ങൾ വിലയിരുത്തുന്നു. 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് യുഎസ് ഇപ്പോൾ നടത്തുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേൽ യുഎസുമായി ചേർന്ന് സംയുക്ത സൈനിക നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്ന വിവരവും പുറത്തുണ്ട്.
യുറേനിയം സമ്പുഷ്ടീകരണം, മിസൈൽ പദ്ധതി, ഉപരോധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന അവസാന രണ്ട് ചർച്ചകളും ഫലം കണ്ടില്ല. എന്നിരുന്നാലും ചില വിഷയങ്ങളിൽ ധാരണയിലെത്തിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. വരും ദിവസങ്ങളിൽ ഇറാൻ വിശദമായ രേഖാമൂല നിർദേശം സമർപ്പിക്കുമെന്നും, അത് ആണവപദ്ധതി സമാധാനപരമാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും യുഎസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിനിടെ, ഇറാനെതിരെ പരിമിതമായ ആക്രമണസാധ്യതയെക്കുറിച്ചുള്ള സൂചനകൾ ഉയർന്നതിനു പിന്നാലെ, പോർച്ചുഗലിലെ ലാജെസ് വിമാനത്താവളം യുഎസ് സൈനിക വിമാനങ്ങൾ എത്തി. യുദ്ധവിമാനങ്ങൾക്കും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകൾക്കും ചരക്കുനീക്കത്തിനുള്ള സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾക്കുമാണ് ഇവിടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.











