07:32pm 28 October 2026
NEWS
‘ജി.ടി255’; ലോകത്തിന് ഭീഷണിയുയർത്തി അമേരിക്കയുടെ ‘ഡൂംസ്ഡേ മിസൈൽ’ പരീക്ഷണം
05/03/2026  12:19 PM IST
nila
‘ജി.ടി255’; ലോകത്തിന് ഭീഷണിയുയർത്തി അമേരിക്കയുടെ ‘ഡൂംസ്ഡേ മിസൈൽ’ പരീക്ഷണം

വാഷിംഗ്ടൺ: ഇറാനുമായി സംഘർഷം തുടരുന്നതിനിടെ ആണവായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക. മിനട്ട്മാൻ–3 മിസൈൽ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

അമേരിക്കയുടെ ആണവ പ്രതിരോധ വ്യൂഹത്തിലെ പ്രധാന ആയുധങ്ങളിലൊന്നായ മിനട്ട്മാൻ–3 നെ പലപ്പോഴും ‘ഡൂംസ്ഡേ മിസൈൽ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം 10,000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ മണിക്കൂറിൽ 24,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. അതിനാൽ വിക്ഷേപിച്ചതിന് പിന്നാലെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ഇതിന് സാധിക്കും.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക പ്രയോഗിച്ച ആറ്റംബോംബിനേക്കാൾ ഏകദേശം 20 മടങ്ങ് ശക്തിയുള്ള ആണവ പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുഎസ് എയർഫോഴ്സ് ഗ്ലോബൽ സ്‌ട്രൈക്ക് കമാൻഡിന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷണത്തിൽ മിസൈൽ ആയിരക്കണക്കിന് മൈൽ സഞ്ചരിച്ച് പസഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപുകൾക്ക് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചു. ‘ജി.ടി255’ എന്ന കോഡ് നാമത്തിലാണ് പരീക്ഷണം നടത്തിയത്.

ഇപ്പോഴത്തെ മിഡിൽ ഈസ്റ്റ് സംഘർഷവുമായി പരീക്ഷണത്തിന് ബന്ധമില്ലെന്നും ഇത് പതിവ് സൈനിക വിലയിരുത്തൽ പരിപാടിയുടെ ഭാഗമാണെന്നും യുഎസ് സ്പേസ് ഫോഴ്സ് വ്യക്തമാക്കി. മിസൈൽ സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയും അമേരിക്കയുടെ ആണവ പ്രതിരോധ സജ്ജതയും പരിശോധിക്കാനാണ് പരീക്ഷണം നടത്തിയതെന്ന് വിക്ഷേപണത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് കേണൽ കാരി റേ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img