07:02pm 02 September 2026
NEWS
ഇറാനിൽ യുഎസ് മിസൈലാക്രമണം; കുട്ടിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു; 50ലേറെ പേർക്ക് പരുക്ക്
02/09/2026  06:19 AM IST
nila
ഇറാനിൽ യുഎസ് മിസൈലാക്രമണം; കുട്ടിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു; 50ലേറെ പേർക്ക് പരുക്ക്

ടെഹ്‌റാൻ: ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ യുഎസ് നടത്തിയ മിസൈലാക്രമണത്തിൽ കുട്ടിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. 50ലേറെ പേർക്ക് പരിക്കേറ്റതായി ഇറാനിയൻ റെഡ് ക്രസന്റ് അറിയിച്ചു. വിവാഹാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലെ ഒരു വീടിന് നേരെയാണ് മിസൈൽ പതിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള മേഖലയിലാണ് സിറിക് സ്ഥിതി ചെയ്യുന്നത്. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള കേന്ദ്രങ്ങൾക്കുനേരെ യുഎസ് ആക്രമണം നടത്തിയതായി നേരത്തേ ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ യുഎസ് ആക്രമണമാണിതെന്നും റിപ്പോർട്ടുകളുണ്ട്.

ഇറാൻ തിരിച്ചടിക്കാൻ ശ്രമിച്ചാൽ കൂടുതൽ ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ കടൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചതിനും ജോർദാനിലെ യുഎസ് സൈനിക ക്യാംപിന് നേരെ മിസൈൽ ആക്രമണം നടത്തിയതിനുമുള്ള തിരിച്ചടിയാണ് നടപടിയെന്നാണ് യുഎസിന്റെ വാദം.

ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് വിക്ഷേപിച്ച എല്ലാ മിസൈലുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.

ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. പിന്നാലെ ഇറാനും വിവിധ മേഖലകളിൽ പ്രത്യാക്രമണം ശക്തമാക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img