
ന്യൂയോർക്ക്: അമേരിക്കയിൽ നിന്നും 205 ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാരെയും തിരിച്ചയക്കുന്നത്. സി–17 വിമാനത്തിലാണ് ആദ്യ ഇന്ത്യൻ സംഘത്തെ ഇന്ത്യയിലേക്ക് മടക്കി അയച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ വിമാനം ഇന്ത്യയിൽ ലാൻഡ് ചെയ്യുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് ആകെ 15 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് അമേരിക്ക പറയുന്നത്. ഇതിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ 1,100 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിലുള്ള ചർച്ചയിൽ വിഷയം വന്നിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിലും ചർച്ച ചെയ്തു. അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തിലേക്ക് എത്തുമ്പോൾ എന്താണു ശരിയെന്നതു നടത്തുമെന്നായിരുന്നു മോദിയുമായുള്ള ചർച്ചകളിൽ ട്രംപ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്.











