
വാഷിംഗ്ടൺ: വെനിസ്വേലയുടെ തീരത്ത് അമേരിക്കൻ വ്യോമസേന നടത്തിയ ബോംബർ വിന്യാസം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കരീബിയൻ കടലിന്റെ മുകളിലൂടെ B-1 Lancer സൂപ്പർസോണിക് ബോംബറുകൾ പറന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ വെനിസ്വേലയിലെ നിക്കോളാസ് മദൂറോ ഭരണകൂടത്തിനെതിരെ അമേരിക്ക സൈനിക നടപടിക്ക് തയ്യാറാകുമോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്.
ആക്രമണശേഷി വൻതോതിൽ ഉള്ള ഈ ബോംബറുകളുടെ പറക്കൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ഭരണത്തിനെതിരെ വാഷിംഗ്ടൺ സൈനിക സമ്മർദ്ദം വർധിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഈ വാർത്തയെ “തെറ്റായ റിപ്പോർട്ട്” എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. “യാതൊരു ബോംബർ വിന്യാസവും നടന്നിട്ടില്ല” എന്നാണ് ട്രംപിന്റെ പ്രസ്താവന.
ഈ ബോംബറുകൾ അന്താരാഷ്ട്ര വായുസഞ്ചാര മേഖലയിലാണ് പറന്നതെന്നാണ് വ്യോമയാന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് സാധാരണ പരിശീലനമിഷൻ ആയിരിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കരീബിയൻ മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിച്ചതോടെ, വെനിസ്വേല-അമേരിക്ക ബന്ധം വീണ്ടും വഷളാകുമെന്നാണ് റിപ്പോർട്ട്.











