
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ പതാക വഹിക്കുന്ന ടൗസ്ക എന്ന ചരക്കുകപ്പലാണ് യുഎസ് സൈന്യം പിടിച്ചെടുത്തത്. തങ്ങളുടെ കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതായി ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.
‘ഏതാണ്ട് ഒരു വിമാനവാഹിനിക്കപ്പലിനു സമാനമായി 900 അടിയോളം നീളമുള്ള ടൗസ്ക എന്ന ഇറാൻ പതാക ഘടിപ്പിച്ച ചരക്കുകപ്പൽ യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ചു. പക്ഷേ അവർക്കത് നന്നായി ഭവിച്ചില്ല. യുഎസ് നാവികസേനയുടെ യുഎസ്എസ് സ്പ്രുവാൻസ് ഒമാൻ കടലിടുക്കിൽ വച്ച് കപ്പൽ തടയുകയും നിർത്താൻ മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ ഇറാൻ ക്രൂ അത് കേൾക്കാൻ തയ്യാറാകാത്തതോടെ യുഎസ് നാവികക്കപ്പൽ അവരെ തടയുകയും എൻജിൻ റൂം തുളച്ചുകൊണ്ട് കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ യുഎസ് നാവികരുടെ കസ്റ്റഡിയിലാണ് കപ്പൽ. നിയമവിരുദ്ധമായ പ്രവൃത്തികളിൽ നേരത്തെയും ഏർപ്പെട്ടിട്ടുള്ള ടൗസ്ക യുഎസിന്റെ ഉപരോധപ്പട്ടികയിലുള്ള കപ്പലാണ്. കപ്പലിന്റെ പൂർണ നിയന്ത്രണം ഇപ്പോൾ ഞങ്ങൾക്കാണ്. കപ്പലിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ പരിശോധിക്കുകയാണ്’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തന്റെ രാജ്യവും യുഎസും ക്രൂരതയ്ക്കെതിരെയുള്ള പോരാട്ടത്തിലാണെന്നും നെതന്യാഹു വ്യക്തമാക്കി. ‘‘ലോകത്തെ ഭീകരതയിലാഴ്ത്തുന്ന, നമ്മുടെ നാശം ആഗ്രഹിക്കുന്ന, യുഎസിനെ തകർക്കാൻ ശ്രമിക്കുന്ന, പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന വലിയ ഏകാധിപത്യത്തിനെതിരെ യുഎസുമായി ചേർന്ന് ഞങ്ങൾ പോരാടുകയാണ്. നമ്മൾ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് അവസാനിച്ചിട്ടില്ല. ഏത് നിമിഷവും നമുക്ക് പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകാം’’– നെതന്യാഹു പറഞ്ഞു.










