09:32pm 08 November 2026
NEWS
വോട്ടിം​ഗ് യന്ത്രം അത്ര സത്യസന്ധനൊന്നുമല്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് മേധാവിയുടെ സാക്ഷ്യം
12/04/2025  10:27 AM IST
nila
വോട്ടിം​ഗ് യന്ത്രം അത്ര സത്യസന്ധനൊന്നുമല്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് മേധാവിയുടെ സാക്ഷ്യം

ഇലക്‌ട്രോണിക് വോട്ടിം​ഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ആശങ്കകൾ ഉയർത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. വോട്ടിം​ഗ് യന്ത്രം സുരക്ഷിതമാണെന്നും ജനവിധിയിൽ തിരിമറി നടത്താൻ യാതൊരുവിധ ബാ​ഹ്യ ഇടപെടലും നടത്താൻ ഈ യന്ത്രത്തിൽ ആകില്ലെന്നുമാണ് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ആവർത്തിക്കുന്നത്. എന്നാൽ, അമേരിക്കൻ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തിൽ നടത്തിയ പരാമർശങ്ങൾ വോട്ടിം​ഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണ്.

രാജ്യം കടലാസ് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നാണ് തുൾസി ഗബ്ബാർഡ് കാബിനറ്റ് യോ​ഗത്തിൽ ആവശ്യപ്പെട്ടത്. ഇലക്‌ട്രോണിക് വോട്ടിം​ഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ എളുപ്പമാണെന്നും ഇത് ജനവിധിയെ തന്നെ അട്ടിമറിക്കുമെന്നും തുൾസി ഗബ്ബാർഡ് വ്യക്തമാക്കി. ഇതു സംബന്ധിച്ച തെളിവുകളും  തുൾസി ​ഗബ്ബാർഡ് നൽകിയെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ കാര്യമാണ് തുൾസി ​ഗബ്ബാർഡ് പറഞ്ഞതെങ്കിലും ഇന്ത്യൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഈ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്. അമേരിക്ക പോലെ ഒരു വികസിത രാജ്യത്തെ വോട്ടിം​ഗ് യന്ത്രം സുരക്ഷിതമല്ലെങ്കിൽ ഇന്ത്യയിലെ കാര്യം പറയാനുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. 

എന്നാൽ, ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ലോകത്തിൽ ഏറ്റവും മികച്ചതും ലളിതവുമാണെന്ന വാദവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ രംഗത്തെത്തി. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ കൃത്യതയുള്ള കാൽക്കുലേറ്ററുകളെപ്പോലെ ലളിതമായ സംവിധാനമാണെന്നും ഇതിൽ ബാ​ഹ്യ ഇടപെടലിന് അവസരമൊരുക്കുന്നതായി ഒന്നുമില്ല എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

ഇന്ത്യയിലെ വോട്ടിം​ഗ് യന്ത്രത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം ഇങ്ങനെയാണ്...

  • പല രാജ്യങ്ങളിലും ഇലക്‌ട്രോണിക്സ് വോട്ടിം​ഗ് സംവിധാനത്തിൽ ഇന്റർനെറ്റ് അടക്കമുള്ള സ്വകാര്യ നെറ്റ്‌വർക്കുകളുണ്ട്
  • ഇന്ത്യയിലെ വോട്ടിം​ഗ് യന്ത്രങ്ങൾ കൃത്യതയുള്ള കാൽക്കുലേറ്ററുകളെപ്പോലെ ലളിതമായ സംവിധാനമാണ്
  • ഇന്റർനെറ്റ്, വൈഫൈ, ഇൻഫ്രാറെഡ് എന്നിവയുമായി ബന്ധമില്ല
  • ഇന്ത്യയിലെ വോട്ടിം​ഗ് യന്ത്രങ്ങൾ സുപ്രീംകോടതി പരിശോധന കഴിഞ്ഞതാണ്
  • വോട്ടെടുപ്പിനു മുൻപ്‌ മോക്ക് വോട്ടിം​ഗ് നടത്തി വിലയിരുത്തുന്നു.
  • വോട്ടർമാർക്ക് വിവിപാറ്റ് സ്ലിപ്പുകളിൽ രേഖപ്പെടുത്തുന്നതെന്തെന്ന് കാണാനാകും
  • വോട്ടെണ്ണൽ വേളയിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് മുന്നിൽ അഞ്ചു കോടിയിലേറെ പേപ്പർ ട്രെയിൽ മെഷീൻ സ്ലിപ്പുകൾ പരിശോധന നടത്തും
  • സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്ന യന്ത്രങ്ങളിൽ കൃത്രിമം നടത്താനുള്ള മാർഗങ്ങളില്ല
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img