
ഇന്ത്യയോടും പാക്കിസ്ഥാനോടും ആയുധം താഴെ വയ്ക്കാൻ പറയാനാവില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. അടിസ്ഥാനപരമായി തങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയ്ക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതുമായ യുദ്ധമെന്നായിരുന്നു വാൻസിന്റെ പ്രതികരണം. ഇതൊരു ഒരു വലിയ യുദ്ധത്തിലേക്കോ ആണവ സംഘർഷത്തിലേക്കോ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക് പ്രകോപനം തുടരുന്നതിനിടെയാണ് ജെ.ഡി വാൻസിന്റെ പ്രതികരണം.
‘‘സംഘർഷം അൽപം കുറയ്ക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക. പക്ഷേ അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ലാത്തതും അമേരിക്കയ്ക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതുമായ യുദ്ധത്തിൽ ഞങ്ങൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കയ്ക്ക് പറയാനാവില്ല, അതുപോലെ തന്നെ പാക്കിസ്ഥാനികളോടും പറയാനാവില്ല. അതിനാൽ നയതന്ത്ര മാർഗങ്ങളിലൂടെ ഞങ്ങൾ ഇക്കാര്യങ്ങൾ തുടരും.’’– ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജെ.ഡി.വാൻസ് പറഞ്ഞു. ഇതൊരു ഒരു വലിയ യുദ്ധത്തിലേക്കോ ആണവ സംഘർഷത്തിലേക്കോ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും ദൈവം അതു വിലക്കട്ടെയെന്നും വാൻസ് കൂട്ടിച്ചേർത്തു.











